‘ഞാനും ലാലും അന്നേ ട്രെൻഡിയാ’; എ.ഐ അല്ല റിയൽ, മോഹൻലാലിനൊപ്പമുള്ള ‘റെട്രോ’ ലുക്ക് പങ്കുവെച്ച് മന്ത്രി

Share our post

സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച 80’s ട്രെൻഡ് ആണ്. 80-കളിൽ ജീവിച്ചിരുന്നെങ്കിൽ കാണാൻ എങ്ങനെയിരിക്കുമെന്ന് ചാറ്റ് ജിപിടിയുടെ സഹായത്തോടെ ആവിഷ്‌കരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. നിർദിഷ്ട പ്രോംപ്റ്റ് നൽകിയാണ് ആളുകൾ ഇത്തരം ചിത്രങ്ങൾ ഉണ്ടാക്കുന്നത്. സാമൂഹികമാധ്യമങ്ങളിലെ ഈ റെട്രോ ട്രെൻഡിനിടയിൽ ഒരു ഒറിജിനൽ ലുക്കുമായി എത്തിയിരിക്കുകയാണ് മന്ത്രി ഷിബു ബേബി ജോൺ.

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് മന്ത്രി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഒറ്റനോട്ടത്തിൽ സാമൂഹികമാധ്യമങ്ങളിലെ 80’s ട്രെൻഡ് മന്ത്രിയും ഒന്ന് പരീക്ഷിച്ചതാണെന്ന് തോന്നിയേക്കാം. എന്നാൽ, ഇത് 80’s എല്ല, 90’s ലെ റിയൽ ചിത്രമാണെന്നാണ് മന്ത്രി ക്യാപ്ഷനിൽ പറയുന്നത്.

‘ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് എ.ഐയുടെ പുറകേ പോവേണ്ട കാര്യമില്ല. ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ. ഇതാ ഒരു റിയൽ 90’s ട്രെൻഡ്’ എന്നാണ് മന്ത്രി കുറിച്ചിരിക്കുന്നത്. മോഹൻലാലിനെ മെൻഷൻ ചെയ്താണ് പോസ്റ്റ്.

വെള്ള പാന്റ്‌സും പ്രിന്റഡ് ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച ഷിബു ബേബി ജോണിനെ ചിത്രത്തിൽ കാണാം. ഇടത്തോട്ട് ചരിഞ്ഞുനിൽക്കുന്ന അദ്ദേഹത്തിന്റെ തോളിൽ കൈവെച്ചാണ് മോഹൻലാൽ നിൽക്കുന്നത്. നീല സ്‌ട്രൈപ്പ് ഷർട്ടും നീല/ കറുപ്പ് പാന്റ്‌സുമാണ് അദ്ദേഹത്തിന്റെ വേഷം. കൂളിങ് ഗ്ലാസ് ധരിച്ചുനിൽക്കുന്ന മോഹൻലാൽ ഷിബു ബേബി ജോണിന്റെ മുഖത്തേക്ക് നോക്കിനിൽക്കുന്ന രീതിയിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.

മോഹൻലാലും ഷിബു ബേബി ജോണും ദീർഘകാലമായി സുഹൃത്തുക്കളാണ്. വ്യവസായി കൂടിയായ ഷിബു ബേബി ജോൺ ആദ്യമായി നിർമിച്ച ‘മലൈക്കോട്ടൈ വാലിബനി’ൽ മോഹൻലാൽ ആയിരുന്നു നായകൻ. ഷിബു ബേബി ജോൺ സ്ഥാപിച്ച ജോൺ ആൻഡ് മേരി ക്രിയേറ്റീവ് നിർമിക്കുന്ന അടുത്ത ചിത്രം ‘നെടുങ്കണ്ടം മിറാക്കിൾ’ ആണ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മകൻ അച്ചു ബേബി ജോൺ ആണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!