മന്ത്രിയുടെ ശബരിമല ക്യാമ്പിലേക്ക് ദേവസ്വം ബോർഡ് അറിയാതെ രണ്ട് നിയമനം; കടുത്ത അതൃപ്തിയിൽ ബോർഡ്
തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രിയുടെ ശബരിമല ക്യാമ്പ് ഓഫീസിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയാതെ ജീവനക്കാരെ നിയമിച്ചതിൽ ബോർഡിൽ കടുത്ത അതൃപ്തി. രണ്ടുപേരെയാണ് ശബരിമലയിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലുള്ള ദേവസ്വം മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് നിയമിച്ച് ദേവസ്വം കമ്മീഷണർ ഉത്തരവിറക്കിയത്. ബോർഡിനുള്ളിലെ സർക്കാർ ഇടപെടലുകളിലുള്ള അതൃപ്തി ഇതോടെ പരസ്യമായിരിക്കുകയാണ്.
ശബരിമലയിൽ സർക്കാരിന്റെ കൃത്യമായ നിരീക്ഷണവും ഇടപെടലും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ദേവസ്വം ബോർഡിൽ നിന്നുതന്നെ രണ്ടുപേരെ മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് ദേവസ്വം കമ്മീഷണർ മുഖേന നിയമിച്ചതെന്നാണ് വിവരം. പുനലൂർ ഗ്രൂപ്പിലെ സ്‌ട്രോങ്ങ് റൂം ഗാർഡായ ഉല്ലാസ് കൃഷ്ണൻ, മാവേലിക്കരയിലെ വാച്ചറായ അജിത്ത് എന്നിവരെയാണ് മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് നിയമിച്ച് ദേവസ്വം കമ്മീഷണർ ഉത്തരവിറക്കിയിരിക്കുന്നത്. ശബരിമല നടതുറക്കുന്ന സമയത്താണ് ഇവർക്ക് ക്യാമ്പ് ഓഫീസിൽ ജോലിയുള്ളത്. വർഷത്തിൽ ശബരിമല നടതുറക്കുന്ന മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തും മാസപൂജാ വേളകളിലും വിശേഷ ദിവസങ്ങളിലും ഇവർ ക്യാമ്പ് ഓഫീസിലായിരിക്കും ജോലി ചെയ്യുക.
എന്നാൽ ഇത്തരമൊരു നിയമനത്തെക്കുറിച്ച് ബോർഡ് അറിഞ്ഞിട്ടില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രതികരിച്ചത്. സാധാരണയായി താൻ ശബരിമലയിൽ എത്തുമ്പോൾ ഒരു ദേവസ്വം ഗാർഡ് ഒപ്പം വരാറുണ്ടെന്നും, എന്നാൽ മന്ത്രിയെ അനുഗമിക്കുന്നതിനായി രണ്ടുപേരെ പ്രത്യേകം ക്യാമ്പ് ഓഫീസിലേക്ക് നിയമിച്ച് പ്രവർത്തിപ്പിക്കുന്ന കാര്യം ബോർഡിന്റെ തീരുമാനപ്രകാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, ഉത്തരവിറക്കിയ ദേവസ്വം കമ്മീഷണറോട് കാര്യങ്ങൾ ആരായാനാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ തീരുമാനം.
