മമ്മൂട്ടി ഫസ്റ്റ് നോയുടെ ആളെന്ന് രമേശ് പിഷാരി; പിറന്നാള്‍ ദിനത്തില്‍ പാലക്കാട്ടുകാര്‍ക്ക് നടന്റെ സമ്മാനം
പാലക്കാട്: പിറന്നാള്‍ ദിനത്തില്‍ നടന്‍ മമ്മൂട്ടിയെ നേരില്‍ കണ്ട് ആശംസകള്‍ അറിയിച്ച് രമേഷ് പിഷാരടി. ഒരു കാലഘട്ടം മുഴുവന്‍ താനും ദൂരെ നിന്ന് ആഘോഷിച്ചയാളാണ്. അടുത്തുപോകാന്‍ അവസരം കിട്ടിയപ്പോള്‍ ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുകയെന്ന് പറയുന്നതുപോലെ ചെന്നൈയില്‍ പോയതാണെന്നും രമേഷ് പിഷാരടി പറഞ്ഞു.
‘മണ്ഡലത്തില്‍ ചില ഉത്തരവാദിത്തം ഉള്ളതിനാല്‍ രാത്രി ചെന്നൈയില്‍ പോയി പെട്ടെന്ന് തിരിച്ചുപോന്നു. പോകണം എന്നത് വലിയ ആഗ്രഹം ആയിരുന്നു. ഒരു കാലഘട്ടം മുഴുവന്‍ ഞാനും ദൂരെ നിന്ന് ആഘോഷിച്ചയാളാണ്. പിന്നീട് അടുത്തുപോകാന്‍ അവസരം കിട്ടിയപ്പോള്‍ ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുകയെന്ന് പറയുന്നതുപോലെ പോയതാണ്’, എന്നാണ് രമേഷ് പിഷാരടിയുടെ പ്രതികരണം. പിറന്നാളിനോടനുബന്ധിച്ച് പാലക്കാട്ടുകാര്‍ക്കായി മമ്മൂട്ടി പ്രത്യേകം പദ്ധതി പ്രഖ്യാപിച്ച സന്തോഷത്തില്‍ കൂടിയാണ് രമേഷ് പിഷാരടി.
മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെയും രാജഗിരി ആശുപത്രിയുടെയും സഹകരണത്തോടെ പാലക്കാട് നിയോജക മണ്ഡലത്തിലെ 15 വയസ്സിന് താഴെയുള്ളവര്‍ക്കായി സൗജന്യ ഹൃദ്രോഗ ചികിത്സ നല്‍കുമെന്നാണ് പ്രഖ്യാപനം. പദ്ധതിക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു.
75ാം വയസ്സിലും ചെറുപ്പം നിലനിര്‍ത്തുന്ന മമ്മൂട്ടിയുടെ ചില രീതികളെക്കുറിച്ചും രമേഷ് പിഷാരടി പങ്കുവെച്ചു. ‘ഡെഡിക്കേഷന്റെ അംശം കുറേയുണ്ട്. വേണ്ടെന്ന് വെയ്ക്കുന്ന കാര്യങ്ങള്‍ നിരവധിയാണ്. ‘ഫസ്റ്റ് നോ’യുടെ ആളാണ്. ഒരു ഗ്ലാസ് വെള്ളം വേണോയെന്ന് ചോദിച്ചാലും ആദ്യം വേണ്ടെന്ന് വെച്ച് ആലോചിച്ച ശേഷമാണ് അത് കുടിക്കുക’, എംഎല്‍എ പറഞ്ഞു.
ജീവിതത്തിന്റെ നല്ലൊരംശം കഥാപാത്രങ്ങളായാണ് അദ്ദേഹം ജീവിച്ചത്. കഥാപാത്രങ്ങളായിരുന്ന സമയത്തൊന്നും അദ്ദേഹത്തിന്റെ പ്രായം കൂടിയിട്ടില്ല. നമ്മുടേയും ആഗ്രഹം അതാണ്. നമ്മള്‍ അത് ആഗ്രഹിക്കുമ്പോള്‍ പ്രകൃതി കൂടെ നില്‍ക്കും എന്ന് പറയുന്നതുപോലെയാണ് അതും അദ്ദേഹത്തിന് ഗുണം ചെയ്യുന്നുണ്ടാവും. വാശികളൊന്നുമില്ല. ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ട്. സ്റ്റൈലിംഗ് മെയിന്റെയിന്‍ ചെയ്യും എന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
