ചുട്ടുപൊള്ളും; സംസ്ഥാനത്ത് മൂന്ന് ദിവസം ഉയര്‍ന്ന താപനിലക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ താപനില സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ നിര്‍ദ്ദേ ശങ്ങള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയര്‍ന്നിട്ടുണ്ട്. പുനലൂരിലാണ് ശനിയാഴ്ച ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 36.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ ഇവിടെ രേഖപ്പെടുത്തിയ താപനില. ഇത് സാധാരണയേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യസ് അധികമാണ്. പലയിടങ്ങളിലും രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ താപനില ഉയര്‍ന്ന നിലയിലാണ്. അതോടൊപ്പം തന്നെ സംസ്ഥാനത്ത് യു വി ഇന്‍ഡക്സ് ഏഴ് മുതല്‍ എട്ട് വരെയായി ഉയര്‍ന്നിട്ടുണ്ട്.

ജാഗ്രതാ നിര്‍ദേശം

  • പകല്‍ 11 മുതല്‍ 3 വരെ ശരീരത്തില്‍ നേരിട്ട് കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. പരമാവധി ശുദ്ധജലം കുടിക്കുക.
  • നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രം ധരിക്കുക.
  • പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കണം.
  • കുടയോ തൊപ്പിയോ ഉപയോഗിക്കണം.
  • പഴം പച്ചക്കറി എന്നിവ ധാരാളമായി കഴിക്കുക, ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക.
  • മാര്‍ക്കറ്റ്, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തം വര്‍ധിക്കാനും വ്യാപിക്കാനും സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യണം.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!