ചിറയിൻകീഴിലെ തമ്മിലടി; പാളയം പ്രദീപിനെയും സജാദിനെയും സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്
തിരുവനന്തപുരം: ചിറയിൻകീഴിൽ വെള്ളിയാഴ്ച രാത്രി രമ്യാ ഹരിദാസ് എം.എൽ.എ.യും ജില്ലാപ്പഞ്ചായത്തംഗം സജിത് മുട്ടപ്പലവും ഉൾപ്പെട്ട കൈയാങ്കളിയിൽ രണ്ടുപേർക്ക് സസ്‌പെൻഷൻ. രമ്യാ ഹരിദാസ് എം.എൽ.എ.യുടെ അനുയായി പാളയം പ്രദീപിനെയും പ്രാദേശിക നേതാവ് സജാദിനെയുമാണ് കോൺഗ്രസ് സസ്‌പെൻഡ് ചെയ്തത്.
മുൻ കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പ്രാഥമിക അന്വേഷണത്തിലാണ് രണ്ട് പേരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. തുടർനടപടികൾ പിന്നീടുണ്ടാകും. കൈയാങ്കളിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നതും മാധ്യമങ്ങളിൽ ചർച്ചയായതും കോൺഗ്രസിന് നാണക്കേടുണ്ടാക്കിയിരുന്നു. തുടർന്നാണ് അതിവേഗത്തിലുള്ള നടപടി.
രമ്യാ ഹരിദാസിനെതിരെയും സജിത്തിനെതിരെയുമുള്ള പരാതികൾ സമിതി അന്വേഷിക്കുന്നുണ്ട്. ഇവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നവിധം അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടുപേർക്കെതിരെ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ രമ്യാ ഹരിദാസ് എം.എൽ.എ.യുടെ അനുയായി പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ തുടങ്ങിയത്. പ്രദീപ് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദ് വാട്സാപ്പ് കൂട്ടായ്മയിൽ പോസ്റ്റിട്ടിരുന്നു. തുടർന്ന് എം.എൽ.എ. വെള്ളിയാഴ്ച രാത്രി പത്തോടെ പാളയം പ്രദീപ് അടക്കമുള്ള വരെയും കൂട്ടി സജാദിന്റെ കടയിലെത്തി. സജാദിന്റെ മകളെക്കൊണ്ട് സാമൂഹിക മാധ്യമ പോസ്റ്റ് വായിപ്പിക്കാൻ എം.എൽ.എ.യും ഒപ്പമുള്ളവരും ശ്രമിച്ചതോടെയാണ് തർക്കം തുടങ്ങിയത്. ജില്ലാപ്പഞ്ചായത്തംഗം സജിത് മുട്ടപ്പലം അടക്കമുള്ളവരും സ്ഥലത്തെത്തി.
തർക്കം രൂക്ഷമാവുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇരുകൂട്ടരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു.
എം.എൽ.എ. ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതിനൽകുകയും ചെയ്തു. പരാതിയിൽ 14 പേർക്കെതിരേ എസ്.സി., എസ്.ടി. വകുപ്പടക്കമുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി ചിറയിൻകീഴ് പോലീസ് കേസെടുത്തിട്ടുണ്ട്. സജിത്ത് മുട്ടപ്പലം, സജാദ്, ബിജു, ബിനോയ് എസ്. ചന്ദ്രൻ, അദീഷ്, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിശ്വനാഥൻ നായർ തുടങ്ങിയവർക്കെതിരേയാണ് കേസെടുത്തത്. സജാദും ഭാര്യയും നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.
എം.എൽ.എ.യുടെ പരാതിയിൽ പോലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നാൽ ശക്തമായി പ്രതിരോധിക്കുമെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നത്.
പാളയം പ്രദീപിന്റെ ഇടപെടലുകളിൽ കഴിഞ്ഞ കുറേനാളായി പ്രാദേശിക കോൺഗ്രസ് നേതാക്കൾ അതൃപ്തിയിലാണ്. പാളയം പ്രദീപ് തന്റെ സ്റ്റാഫാണെന്ന് രമ്യാ ഹരിദാസ് പറയുന്നുണ്ടെങ്കിലും ഔദ്യോഗിക പദവിയില്ല. സംഭവം കേസിലേക്കും കൂടുതൽ തർക്കങ്ങളിലേക്കും പോകാതെ ഒത്തുതീർപ്പാക്കാനാണ് പാർട്ടിയുടെ ശ്രമം. അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതും ഇതിന്റെ പശ്ചാത്തലത്തിലാണ്.
