വാശിപിടിച്ച് വാങ്ങിയ ഐഫോൺ, നിറയെ ഡീപ്‌ഫേക്ക് ആപ്പുകൾ; കൈമാറാൻ ടെലഗ്രാമിലെ ക്ലോസ്ഡ് ഗ്രൂപ്പുകൾ
കൊച്ചി: സഹപാഠികളായ വിദ്യാർത്ഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ എ.ഐ. (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയും തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുമായ എസ്. ശ്രീഹരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സഹപാഠികളായ വിദ്യാർഥികളുടേയും അധ്യാപകരുടേയുമടക്കം ചിത്രങ്ങൾ എഡിറ്റ് ചെയ്ത് മോശം രീതിയിലാക്കി പ്രചരിപ്പിച്ചു എന്നാണ് കേസ്. കോളേജ് ക്യാമ്പസിലെ ചില വിദ്യാർഥികൾ തന്നെയാണ് തങ്ങളുടെ ഗ്രൂപ്പുകളിൽ ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തുകയും കോളേജ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തത്. അധികൃതർ നടത്തിയ പരിശോധനയിൽ വിദ്യാർഥിയുടെ ഫോണിൽനിന്ന് ഇത്തരം ചിത്രങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് അവരിത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഇപ്പോൾ എഐ സാങ്കേതികവിദ്യയുടെ കാലഘട്ടമായതിനാൽ ആർക്കും വളരെ എളുപ്പത്തിലും കുറഞ്ഞ ചിലവിലും ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും മോർഫ് ചെയ്യാനും സാധിക്കുമെന്നും ഇത് ഇത്തരം വലിയ അപകടങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നും കമ്മീഷണർ കാളിരാജ് മാധ്യമങ്ങളോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ വാക്കുകൾ; അറസ്റ്റിലായ ഇരുപതുകാരൻ കോളേജ് മാഗസിൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു, അതുകൊണ്ടുതന്നെ ഫോട്ടോ എഡിറ്റിങ്ങിൽ നല്ല പരിചയമുണ്ടായിരുന്നു. ഈ അറിവാണ് പ്രതി ദുരുപയോഗം ചെയ്തത്. രഹസ്യമായി പ്രവർത്തിച്ചിരുന്ന ടെലിഗ്രാം ഗ്രൂപ്പിൽ മറ്റ് നാല് പേർ കൂടി ഉൾപ്പെട്ടിട്ടുണ്ട്. ഈ വിദ്യാർത്ഥികളുടെ കൃത്യമായ പങ്ക് എന്താണെന്ന് അന്വേഷിച്ചുവരികയാണ്.
അതിൽ വ്യക്തത വന്നശേഷം മാത്രമേ അവർക്കെതിരെ നടപടികളിലേക്ക് കടക്കുകയുള്ളൂ. പിടിയിലായവരും നിരീക്ഷണത്തിലുള്ളവരും നിലവിൽ പഠിക്കുന്ന വിദ്യാർഥികളാണ് എന്നതുകൊണ്ടുതന്നെ വിഷയം വളരെ സെൻസിറ്റീവ് ആണ്. അതുകൊണ്ടുതന്നെ വളരെ ജാഗ്രതയോടെയാണ് പോലീസ് കേസ് കൈകാര്യം ചെയ്യുന്നത്.
ആധുനിക ഗാഡ്ജെറ്റുകളുടെ ഉപയോഗം സംബന്ധിച്ചും കമ്മീഷണർ മുന്നറിയിപ്പ് നൽകി. പ്രതിയായ വിദ്യാർഥി ഉപയോഗിച്ചിരുന്നത് ഏറ്റവും പുതിയ മോഡൽ ഐഫോൺ (iPhone) ആയിരുന്നു. വീട്ടിൽ വലിയ വാശിപിടിച്ചാണ് അയാൾ ഈ ഫോൺ വാങ്ങിയെടുത്തതെന്നാണ് പോലീസിന് ലഭിച്ച വിവരം.
കുട്ടികൾക്ക് ഇത്തരത്തിലുള്ള വിലകൂടിയ അത്യാധുനിക ഗാഡ്ജെറ്റുകൾ വാങ്ങി നൽകുമ്പോൾ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണം. കാരണം ടെക്‌നോളജി അവരെ പല രീതിയിലും തെറ്റായ വഴികളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. അതികൊണ്ടുതന്നെ മാതാപിതാക്കളുടെ നിരന്തരമായ ജാഗ്രത കുട്ടികളുടെമേൽ ഉണ്ടാവണം. അറസ്റ്റിലായ പ്രതി ശ്രീഹരി, എ.ഐ (Artificial Intelligence), ഡീപ്‌ഫേക്ക് (Deepfake) സങ്കേതങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ മോശം രീതിയിൽ എഡിറ്റ് ചെയ്തത്.
പ്രതിയുടെ ഫോണിൽ നിറയെ ഇത്തരം ആപ്പുകളും സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങളുമായിരുന്നു. ഇവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി ടെലിഗ്രാം (Telegram) ആപ്പിലെ ക്ലോസ്ഡ് ഗ്രൂപ്പുകളാണ് പ്രധാനമായും ഉപയോഗിച്ചത്. കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾക്ക് പുറമെ, നാലോ അഞ്ചോ പേർ മാത്രമടങ്ങുന്ന ഒരു പ്രത്യേക ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചാണ് ചിത്രങ്ങൾ പരസ്പരം കൈമാറിയത്.
സംഭവവുമായി ബന്ധപ്പെട്ട് സഹായം നൽകിയവരെയും മറ്റ് സംശയാസ്പദമായ വ്യക്തികളെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മറ്റ് ക്യാമ്പസുകളിലും സമാനമായ രീതിയിൽ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യം വരും ദിവസങ്ങളിലെ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
