സവാള വിലക്കയറ്റം തടയാൻ സർക്കാർ; 100 ടൺ സംഭരിക്കും, കിലോ 35 രൂപ നിരക്കിൽ വിൽകുമെന്ന് മന്ത്രി സിദ്ധീഖ്
തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷ മന്ത്രി ടി. സിദ്ദിഖ്. കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ സവാള വിൽകും. 100 ടൺ സവാള എൻസിസിഎഫ് വഴി സംഭരിച്ച് കേരളത്തിൽ എത്തിക്കും. പൊതു വിപണിയിൽ സവാളയ്ക്ക് കിലോ ഗ്രാമിന് 58 രൂപ മുതൽ 80 രൂപ വരെ വിലയുണ്ട്. ആദ്യ ഘട്ടത്തിൽ 30 ടൺ സവാള എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ , ഹോർട്ടികോർപ്പ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് സവാള വിറ്റഴിക്കുക. പണം തടസമല്ല. സവാള സ്റ്റോക്ക് ചെയ്യാൻ കൃഷി വകുപ്പിന്റെ കോൾഡ് സ്റ്റോറേജുകൾ ഉപയോഗപ്പെടുത്തും. ബോധപൂർവം വില കൂട്ടാനായി ശ്രമം നടത്തിയാൽ ശക്തമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
നാസിക് ഉൾപ്പെടെയുള്ള മേഖലകളിൽ സവാള ഉത്പാദനം കുറഞ്ഞത് രാജ്യത്താകമാനം വിലക്കയറ്റത്തിന് വഴിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊല്ലംകോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ആദ്യവിതരണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
