കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ 100 ദിന പദ്ധതി
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇന്ദിരാഭവനിൽ ചേരും. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള 100 ദിവസത്തെ പ്രത്യേക പദ്ധതികൾക്ക് യോഗം രൂപം നൽകും.
എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുഖ്യമന്ത്രി വി.ഡി സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വൈകുന്ന സാഹചര്യത്തിൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാൻ താത്കാലിക ചുമതലയുള്ള സണ്ണി ജോസഫിന് കേന്ദ്രനേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
ബോർഡ്-കോർപ്പറേഷൻ പദവികളുടെ വിഭജനം, ഉദ്യോഗസ്ഥതലത്തിലെ മാറ്റങ്ങൾ, ഘടകകക്ഷികളുമായുള്ള ചർച്ചകൾ എന്നിവ യോഗത്തിൽ പ്രധാന അജണ്ടയായി വരും. പാർട്ടി ഘടകങ്ങളെ കൂടുതൽ സജീവമാക്കുന്നതിനും അനാവശ്യവിവാദങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകുന്നതിനുമുള്ള നിർദേശങ്ങളും യോഗം ചർച്ച ചെയ്യും.
