കുതിച്ചുയർന്ന് ഏത്തക്കായ വില, കർഷകർക്ക് ആശ്വാസം; ഓണത്തിന് സെഞ്ചുറിയടിക്കുമോ…?
കോതമംഗലം: ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി. ഓണം ആകുമ്പോഴേക്കും ഏത്തക്കായ വില നൂറ് കടക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം ഓണക്കാലത്ത് കർഷകരിൽനിന്ന് 35 രൂപയ്ക്ക് വാങ്ങിയിരുന്ന ചിപ്പ്സ് നിർമാതാക്കൾക്ക് ഇക്കുറി 65-75 രൂപക്കാണ് കിട്ടുന്നത്.
മഴയുടെ കൂടുതലും വേനൽച്ചൂടും കാറ്റും കാരണം തമിഴ്നാട്ടിൽനിന്നുള്ള ഏത്തക്കായയുടെ വരവ് കുറഞ്ഞത് വില കൂടാൻ കാരണമായി. കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതിനാൽ ഇടുക്കി, വയനാട് ജില്ലകളിൽനിന്നും മറ്റ് ജില്ലകളിലേക്ക് കായ കാര്യമായെത്തുന്നില്ല. മൂപ്പെത്തിയ ഏത്തക്കായയുടെ ക്ഷാമമാണ് വിലക്കയറ്റത്തിന് കാരണം. ഒരാഴ്ച മുൻപ് 45-50 രൂപ ഉണ്ടായിരുന്ന ഏത്തക്കായയ്ക്കും പഴത്തിനും വില ഇപ്പോൾ 80-85 ആണ്. കർഷകരിൽനിന്ന് മൊത്ത വിൽപ്പനക്കാർ നേരിട്ട് വാങ്ങുന്നത് 65-70 രൂപ നിരക്കിലാണ്.
ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയതാണ് ഭൂരിഭാഗം കർഷകരും. കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിയ പ്രതിസന്ധി കൃഷിയെ സാരമായി ബാധിച്ചതായും കർഷകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം കായയുടെ വിലയിടിഞ്ഞതിനാൽ നിരവധി കർഷകർ കൃഷി ഉപേക്ഷിച്ചതും തിരിച്ചടിയായി. ഇക്കുറി തോട്ടത്തിൽ കായ ഇഷ്ടം പോലെ ഉണ്ടെങ്കിലും മൂപ്പെത്തിയിട്ടില്ല. പൊതുവേ എല്ലായിടത്തും കായയുടെ വരവ് കുറവാണ്. എത്തുന്നത് ചിപ്പ്സ് ഉണ്ടാക്കുന്നവർ വാങ്ങും.
കൂടുതൽ ഏത്തവാഴ കൃഷി കീരം പാറയിൽ
നാടൻ ഏത്തവാഴ കൃഷിക്ക് 9 മാസവും തേനി നേന്ത്രൻതരം വാഴയ്ക്ക് 11-12 മാസവും ആണ് വിളവെടുപ്പ്. ഒരു വാഴയ്ക്ക് ശരാശരി 200-250 രൂപ കൃഷിച്ചെലവ് വരും. ഒരു കുലയിൽനിന്ന് ശരാശരി 10-12 കിലോ കായ ലഭിക്കും. നാടൻ 9-10 കിലോ തൂക്കം ലഭിക്കുമെന്ന് കർഷകർ.
എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ഏത്തവാഴ കൃഷി ചെയ്യുന്നത് കോതമംഗലം താലൂക്കിലെ കീരംപാറ പഞ്ചായത്തിലാണ്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി ഇക്കുറി ഒരുലക്ഷം ഏത്തവാഴ കൃഷി ചെയ്തിട്ടുണ്ട്.
ഇവിടെ ഓഗസ്റ്റ് മുതൽ ഫെബ്രുവരി വരെ ഏത്തക്കായ സുലഭമാണ്. കഴിഞ്ഞ വർഷം 40-50 ടൺ വരെ 20 ലക്ഷം രൂപയുടെ ഏത്തക്കായ വിൽപ്പന നടത്തിയ കർഷകരുണ്ട്. ഓണത്തിന് തക്കവണ്ണം കൃഷിയിറക്കിയ പല കർഷകരുടെയും ആയിരക്കണക്കിന് വാഴ കാറ്റിലും വെള്ളം കയറിയും നശിച്ചു.
സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തും പത്തേക്കറിൽ ഏത്തവാഴ കൃഷി ചെയ്ത പുന്നേക്കാട് പള്ളിമാലിൽ റെജി മത്തായിയുടെ രണ്ടായിരം ഏത്തവാഴ കാറ്റിൽ ഒടിഞ്ഞുപോയി. ഇൻഷുറൻസ് ചെയ്തതുകൊണ്ട് നഷ്ടതോത് കുറഞ്ഞു. പെലക്കുടി റിജോ ജോർജ് പത്തേക്കറിലധികം സ്ഥലത്ത് ഏത്തവാഴ കൃഷി ചെയ്തിട്ടുണ്ട്.
