ഗൂഗിൾ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറുടെ മൂക്കിടിച്ചു തകർത്തു; യാത്രക്കാരൻ അറസ്റ്റിൽ, സംഭവം കണ്ണൂരിൽ
കണ്ണൂർ: ബസിൽ ടിക്കറ്റെടുക്കാൻ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ ‘ഗൂഗിൾ പേ’ സൗകര്യം ഇല്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യാത്രക്കാരൻ ബസ് കണ്ടക്ടറുടെ മൂക്കിടിച്ചു തകർത്തു. പാനൂർ സ്വദേശിയായ യുവാവാണ് കണ്ടക്ടറെ ആക്രമിച്ചത്. ഇയാളെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനത്തിൽ മൂക്കിന് ഗുരുതരമായി പൊട്ടലേറ്റ കണ്ടക്ടർ രാഘവനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂത്തുപറമ്പ്-പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘സൺസ്റ്റാർ’ എന്ന ബസിലാണ് സംഭവമുണ്ടായത്. കൂത്തുപറമ്പിൽ നിന്നും പാനൂരിലേക്കുള്ള യാത്രയ്ക്കിടെ പൂക്കോട്ട് വെച്ചാണ് തർക്കമുണ്ടായത്. ബസിൽ ഗൂഗിൾ പേ സൗകര്യം ലഭ്യമല്ലെന്ന് കണ്ടക്ടർ രാഘവൻ അറിയിച്ചതോടെ യാത്രക്കാരനായ യുവാവ് അക്രമാസക്തനാവുകയും കണ്ടക്ടറുടെ മുഖത്തേക്ക് ഇടിച്ച് മൂക്ക് തകർക്കുകയുമായിരുന്നു.
കണ്ടക്ടറെ മർദ്ദിക്കുന്നത് തടയാനായി എത്തിയ ബസ് ഡ്രൈവറേയും മറ്റ് യാത്രക്കാരേയും യുവാവ് ആക്രമിച്ചു. പ്രതിയായ യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
