കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം.പി. പരമേശ്വരൻ അന്തരിച്ചു

Share our post

തൃശ്ശൂർ: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോക്ടർ എം.പി. പരമേശ്വരൻ (92) അന്തരിച്ചു. തൃശ്ശൂരിലെ വസതിയിൽ ആയിരുന്നു അന്ത്യം. ശാസ്ത്രജ്ഞൻ, ശാസ്ത്രപ്രചാരകൻ, എഴുത്തുകാരൻ, സൈദ്ധാന്തികൻ, സാക്ഷരതാ പ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന പരമേശ്വരൻ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. 

പരമേശ്വരൻ അവതരിപ്പിച്ച നാലാംലോക സിദ്ധാന്തം സി.പി.എമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. ഈ ആശയത്തെ തള്ളിയ സിപിഎം, 2004-ൽ അദ്ദേഹത്തെ പുറത്താക്കി. ഇതോടെ പാർട്ടിയുമായുണ്ടായിരുന്ന 33 വർഷം നീണ്ടം ബന്ധം അവസാനിച്ചു.

തൃശൂർ ജില്ലയിലെ കിരാലൂരിൽ 1935 ജനുവരി 18-നായിരുന്നു ജനനം. പിതാവ് മടങ്ങർളി പരമേശ്വരൻ നമ്പൂതിരി. അമ്മ മാടമ്പ് സാവിത്രി അന്തർജ്ജനം. തൃശൂർ നമ്പൂതിരി വിദ്യാലയത്തിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. സി.എം.എസ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസം നേടി. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദവും മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽനിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച്.ഡിയും നേടി. 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു. 

ശാസ്ത്രബോധം സാധാരണക്കാർക്കിടയിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1970 രൂപവത്കരിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്നണി നേതാക്കളിലൊരാളായിരുന്നു പരമേശ്വരൻ. ഇതിന്റെ പ്രവർത്തനങ്ങൾക്കായി 1975-ൽ അദ്ദേഹം തന്റെ ജോലി രാജിവെച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര സാഹിത്യ പരിഷത് ജനകീയ പ്രസ്ഥാനമായി വളരുകയും രാജ്യമെമ്പാടും ഒരു സ്വാധീനശക്തിയാകുകയും ചെയ്തു.

മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ശാസ്ത്ര, വൈജ്ഞാനിക, സാഹിത്യ മേഖലകളിൽ ഒട്ടേറെ പുരസ്കാരങ്ങളും എം.പി പരമേശ്വരന് ലഭിച്ചിട്ടുണ്ട്.

നാലാം ലോക സിദ്ധാന്തം

‘നാലാം ലോകം: സ്വപ്നവും യാഥാർത്ഥ്യവും’ എന്ന പുസ്തകത്തിലൂടെ പരമേശ്വരൻ അവതരിപ്പിച്ച നാലാംലോക സിദ്ധാന്തം, സി.പി.എമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും 2004-ൽ വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. അധികാര വികേന്ദ്രീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകുന്ന സോഷ്യലിസ്റ്റ് സമൂഹത്തെ വിഭാവനം ചെയ്യുന്നതായിരുന്നു പരമേശ്വരന്റെ നാലാംലോകം എന്ന ആശയം. പരമ്പരാഗത മാർക്സിസ്റ്റ് ആശങ്ങളിൽനിന്ന് വ്യതിചലിക്കുന്ന ഈ സിദ്ധാന്തം, മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തെയും മാർക്സിസ്റ്റ് സാമ്പത്തിക സിദ്ധാന്തങ്ങളെയും കോർത്തിണക്കുന്നതായിരുന്നു. ആഗോള കോർപറേറ്റ് വിപണിക്കും മുതലാളിത്ത വികസന രീതികൾക്കും ബദലായി മറ്റൊരു ലോകം സാധ്യമാണെന്ന സങ്കൽപമായിരുന്നു ഇതിന്റെ സൈദ്ധാന്തിക ആടിത്തറ.

മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമാണ് നാലാംലോക സിദ്ധാന്തം എന്ന് വിലയിരുത്തിയാണ് സിപിഎം ഇതിനെ തള്ളിക്കളഞ്ഞത്. ഈ സിദ്ധാന്തത്തിലൂടെ മാർക്സിസ്റ്റ് വിരുദ്ധ നിലപാട് മുന്നോട്ടുവെച്ചു എന്ന് ആരോപിച്ചാണ് എം.പി. പരമേശ്വരനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!