അര്‍ജുന്‍ ആയങ്കിക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ല: എം വി ഗോവിന്ദന്‍

Share our post

കണ്ണൂര്‍: ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ‘ഞങ്ങള്‍ക്കെന്ത് ബന്ധമാണ് ആയങ്കിയുമായി? ഞങ്ങളുമായി യാതൊരു ബന്ധവുമില്ല. അത് മുന്നേ പറഞ്ഞതാണ്’, കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് എന്ത് വീഴ്ചയാണ് ഉണ്ടായതെന്ന് മാധ്യമങ്ങള്‍ വൈകാതെ മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി രേഖകളില്‍ ഉള്ളതിനപ്പുറം ജില്ലാ സെക്രട്ടറി പയ്യന്നൂരില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്ദേമാതരത്തിന്റെ ആദ്യഭാഗങ്ങള്‍ അംഗീകരിക്കപ്പെട്ടതാണ്. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ് പിന്നീടുള്ള ഭാഗങ്ങള്‍. മതനിരപേക്ഷത ലംഘിക്കുന്ന ഉള്ളടക്കങ്ങള്‍ ഉള്ളതുകൊണ്ട് ദേശീയ അടിസ്ഥാനത്തില്‍ ഉപയോഗിക്കപ്പെട്ടില്ല. പക്ഷേ ഇന്ന് വന്ദേമാതരം മുഴുവന്‍ പാടാന്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ബിജെപിക്ക് വേണ്ടി ഭരിക്കുന്ന ഗവണ്മെന്റ് ആണ് വി ഡി സതീശന്റെ സര്‍ക്കാരെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

അതേസമയം, പൊലീസ് വ്യാപക പരിശോധന നടത്തുന്നതിനിടെ വീഡിയോ സന്ദേശവുമായി അര്‍ജുന്‍ ആയങ്കി രംഗത്തെത്തി. തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അര്‍ജുന്‍ ആയങ്കി വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. വെടിവെയ്ക്കുമെന്ന് വാര്‍ത്തകൊടുത്താല്‍ താന്‍ കീഴടങ്ങുമെന്നാണ് അവര്‍ കരുതിയിരിക്കുന്നതെന്ന് അര്‍ജുന്‍ വീഡിയോയില്‍ പറഞ്ഞു.

ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചതായാണ് അവര്‍ പറയുന്നത്. തനിക്കെതിരെ എടുത്ത കള്ളക്കേസ് പുനരന്വേഷിക്കാനാണ് ആവശ്യപ്പെട്ടത്. അതെങ്ങനെ വെല്ലുവിളിയാകുമെന്ന് അര്‍ജുന്‍ ആയങ്കി ചോദിക്കുന്നു. ഒരു മനുഷ്യന്‍ പറയുന്നതായി കണ്ടാല്‍ മതി. പാര്‍ട്ടിയൊക്കെ രണ്ടാമതാണെന്നും അര്‍ജുന്‍ ആയങ്കി വീഡിയോ സന്ദേശത്തില്‍ പറയുന്നു.

‘നിരപരാധികള്‍ വേട്ടയാടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വികാരത്തിന് പക്വതയുണ്ടാകില്ല. കോടതി പോലും തന്നെ പറഞ്ഞത് ഹാബിച്വല്‍ ഒഫന്‍ഡര്‍ എന്നാണ്, നന്നാവാന്‍ തീരുമാനിച്ച ആളാണ് താൻ. ഒരാള്‍ക്ക് പുതിയൊരു മനുഷ്യനായി ജീവിക്കാന്‍ ഈ നാട്ടില്‍ അവകാശമില്ലേ?. മരിക്കുന്നതുവരെ ക്രിമിനലായിരിക്കണം എന്നാണോ?. ക്രിമിനലാക്കി കൊല്ലണം എന്നതാണോ കേരള പൊലീസിന്റെ ഉദ്ദേശം’, അര്‍ജുന്‍ ആയങ്കി ചോദിക്കുന്നു.

പാലിയേക്കര ടോള്‍ പ്ലാസ കടന്ന അര്‍ജുന്‍ ആയങ്കിക്കായി സംസ്ഥാന അതിര്‍ത്തി മേഖലകളില്‍ അടക്കം ഊര്‍ജിത തിരച്ചിലാണ് പുരോഗമിക്കുന്നത്. ഒളിവിലിരുന്നുള്ള അര്‍ജുന്‍ ആയങ്കിയുടെ സമൂഹമാധ്യമ പോസ്റ്റുകളും പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. സമൂഹമാധ്യമ അക്കൗണ്ട് മറ്റാരെയെങ്കിലും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിനിടെ അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. കണ്ണൂർ വളപട്ടണം പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!