ഇരിക്കൂർ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; പഞ്ചായത്ത് പ്രസിഡൻ്റടക്കം 12 പേർക്കെതിരെ കേസ്

Share our post

ഇരിക്കൂർ: ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ഇടപാടുകാർക്ക് തിരികെ നൽകാതെ വഞ്ചിച്ച സംഭവത്തിൽ ബാങ്ക് ഭരണ സമിതി അംഗങ്ങളായിരുന്ന ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള 12 പേർക്കെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തു.

നിക്ഷേപകനായ കമ്പിൽ സ്വദേശി പി.പി സമീർ നൽകിയ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയുടെ (2)  നിർദ്ദേശ പ്രകാരമാണ് ഇപ്പോഴത്തെ ഇരിക്കൂർ ബാങ്ക് സെക്രട്ടറി അജിത, മുൻ സെക്രട്ടറി മനീഷ്, 2024- 2025 കാലത്ത് ബാങ്ക് ഭരണ സമിതി അംഗങ്ങളായ നിലവിലെ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ മുഹമ്മദ്, പഞ്ചായത്ത് അംഗം
കുഞ്ഞിമായിൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.പി.അബ്ദുൾ റഹ്മാൻ, റൈഹാനത്ത്, മുനീറുദ്ദീൻ, വി.ടി. പദ്മനാഭൻ, സുകുമാരൻ, ബിന്ദു, സുപ്രിയ, ഇരിക്കൂർ ബാങ്ക് കുട്ടാവ് ശാഖാ മാനേജർ നിധിൻ എന്നിവർക്കെതിരെ കേസെടുത്തത്.

2023 ഡിസംബർ രണ്ടിനും 2025 മാർച്ച് 28നും ഇടയിൽ സമീറും ഭാര്യയും ചേർന്ന് നിക്ഷേപിച്ച 30.5 ലക്ഷം രൂപ നിക്ഷേപിച്ചതിൽ പലിശയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.

ശ്രീകണ്ഠപുരം സ്വദേശി സി. ഷബീർ നൽകിയ പരാതിയിൽ മറ്റൊരു കേസും പോലീസ് രജിസ്റ്റർ ചെയ്തു. 2022 മുതൽ 2024 ഒക്ടോബർ വരെയുള്ള കാലയളവിൽ ബാങ്കിൽ 16 ലക്ഷം രൂപ നിക്ഷേപിച്ചതിൽ പലിശയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.

ഷബീറിൻ്റെ പരാതിയിൽ ഇപ്പോഴത്തെ ഇരിക്കൂർ ബാങ്ക് സെക്രട്ടറി അജിത, മുൻ സെക്രട്ടറി മനീഷ്, ഇരിക്കൂർ മെയിൻ ബ്രാഞ്ച് ജീവനക്കാരായ ഉമേഷ്, ഷംസീർ, നിധിൻ എന്നിവർക്കെതിരെയാണ് കേസ്. പണം നഷ്ടപ്പെട്ടവർ അഡ്വ. എം. പി മുഹമ്മദ് രിഫായി മുഖേനയാണ് കോടതിയെ സമീപിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!