‘കേസ് പുനരന്വേഷിക്കണം എന്ന് പറഞ്ഞാൽ എങ്ങനെ വെല്ലുവിളിയാകും?; പുതിയൊരു മനുഷ്യനായി ജീവിക്കാൻ അവകാശമില്ല’
കൊച്ചി: പൊലീസ് വ്യാപക പരിശോധന നടത്തുന്നതിനിടെ വീഡിയോ സന്ദേശവുമായി അര്‍ജുന്‍ ആയങ്കി. തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അര്‍ജുന്‍ ആയങ്കി വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. വെടിവെയ്ക്കുമെന്ന് വാര്‍ത്തകൊടുത്താല്‍ താന്‍ കീഴടങ്ങുമെന്നാണ് അവര്‍ കരുതിയിരിക്കുന്നതെന്ന് അര്‍ജുന്‍ വീഡിയോയില്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചതായാണ് അവര്‍ പറയുന്നത്. തനിക്കെതിരെ എടുത്ത കള്ളക്കേസ് പുനരന്വേഷിക്കാനാണ് ആവശ്യപ്പെട്ടത്. അതെങ്ങനെ വെല്ലുവിളിയാകുമെന്ന് അര്‍ജുന്‍ ആയങ്കി ചോദിക്കുന്നു. ഒരു മനുഷ്യന്‍ പറയുന്നതായി കണ്ടാല്‍ മതി. പാര്‍ട്ടിയൊക്കെ രണ്ടാമതാണെന്നും അര്‍ജുന്‍ ആയങ്കി വീഡിയോ സന്ദേശത്തില്‍ പറയുന്നു.
‘നിരപരാധികള്‍ വേട്ടയാടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വികാരത്തിന് പക്വതയുണ്ടാകില്ല. കോടതി പോലും തന്നെ പറഞ്ഞത് ഹാബിച്വല്‍ ഒഫന്‍ഡര്‍ എന്നാണ്, നന്നാവാന്‍ തീരുമാനിച്ച ആള്‍. ഒരാള്‍ക്ക് പുതിയൊരു മനുഷ്യനായി ജീവിക്കാന്‍ ഈ നാട്ടില്‍ അവകാശമില്ലേ?. മരിക്കുന്നതുവരെ ക്രിമിനലായിരിക്കണം എന്നാണോ?. ക്രിമിനലാക്കി കൊല്ലണം എന്നതാണോ കേരള പൊലീസിന്റെ ഉദ്ദേശം’, അര്‍ജുന്‍ ആയങ്കി ചോദിക്കുന്നു.
