കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം
തിരൂർ: കേരളം രക്ഷപ്പെടില്ലെന്ന് രണ്ടര മാസംകൊണ്ട് യു.ഡി.എഫ് സർക്കാർ തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പരിഹാസ കഥാപാത്രമാകാതെ
നിലവാരം കാത്തുസൂക്ഷിക്കണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ പറഞ്ഞു. തിരൂർ ടൗൺ ഹാളിൽ കേരള പ്രവാസി സംഘം ഏഴാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് ഗഫൂർ പി.ലില്ലിസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി പ്രവർത്തന റിപ്പോർട്ടും കെ.സി സജീവ് തൈക്കാട് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ആർ. ശ്രീകൃഷ്ണപിള്ള സമീപന രേഖ അവതരിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.പി അനിൽ, കെ.വി.അബ്ദുൾ ഖാദർ
പ്രശാന്ത് കൂട്ടാമ്പുള്ളി , ടി.ഷാജി എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികളെ ചടങ്ങിൽ ആദരിച്ചു. പ്രവാസ ലോകം സ്മരണിക ഇ.പി. ജയരാജൻ പ്രകാശനം ചെയ്തു. തിരൂർ ടൗൺ ഹാളിന് മുൻപിൽ സംസ്ഥാന പ്രസിഡൻ്റ് ഗഫൂർ പി. ലില്ലിസ് പതാക ഉയർത്തി. സമ്മേളനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 599 പ്രതിനിധികൾ പങ്കെടുത്തു.തുടർന്ന് പ്രവാസ രാവ് ഗസലും ഗാനവും അരങ്ങേറി. ഞായറാഴ്ച പ്രതിനിധി സമ്മളനം തുടരും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പോടെ പ്രതിനിധി സമ്മേളനം സമാപിക്കും. വൈകിട്ട് 4.30ന് തിരൂർ സെൻട്രൽ ജങ്ഷനിൽ നിന്നാരംഭിക്കുന്ന പ്രകടനം പുങ്ങോട്ടുകുളം ദാറുസ്സലാം ഗ്രൗണ്ടിൽ സമാപിക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവും സി.പി. എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പി.ബി അംഗം എ. വിജയരാഘവൻ, കെ.വി അബ്ദുൾ ഖാദർ എന്നിവർ പങ്കെടുക്കും.
