കറുപ്പ് ‘കട്ടുതിന്ന്’ മണിക്കൂറുകൾ മയക്കം, അളവ് കൂടിയാൽ ഹൃദയസ്തംഭനം; ലഹരിക്ക് അടിമകളായി തത്തകള്‍! കർഷകർ നേരിടുന്നത് വിചിത്ര പ്രതിസന്ധി

Share our post

മനുഷ്യരിൽ ലഹരിയുപയോഗം സൃഷ്ടിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ വന്യജീവികളോ പക്ഷികളോ ലഹരിക്ക് അടിമപ്പെടുകയും, അത് ഒരു നാടിന്റെ കാർഷിക മേഖലയെത്തന്നെ തകിടം മറിക്കുകയും ചെയ്യുന്ന അപൂർവ പ്രതിസന്ധിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? രാജസ്ഥാനിലെ ചിറ്റോർഗഢ്, മേവാർ തുടങ്ങി പ്രദേശങ്ങളിൽ നിന്നാണ് ഈ വിചിത്രവും എന്നാൽ കർഷകരുടെ നെഞ്ച് പൊളിക്കുന്നതുമായ വാർത്ത പുറത്തുവരുന്നത്.

ഇവിടെ കറുപ്പ് കൃഷി ചെയ്യുന്ന കർഷകർ ഇപ്പോൾ വലിയൊരു ഭീഷണി നേരിടുന്നത് പ്രതികൂല കാലാവസ്ഥയിൽ നിന്നോ കീടങ്ങളിൽ നിന്നോ അല്ല, മറിച്ച് ലഹരിക്ക് അടിമപ്പെട്ട ആയിരക്കണക്കിന് തത്തകളിൽ നിന്നാണ്. കറുപ്പ് ചെടികളിലെ കായ്കൾ കൊത്തിപ്പറിച്ച് ലഹരി നുണയുന്ന ഈ തത്തക്കൂട്ടങ്ങൾ കർഷകർക്ക് പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിവെക്കുന്നത്.

∙ നിശ്ശബ്ദരായി എത്തുന്ന ‘ലഹരി കള്ളന്മാർ’
സാധാരണയായി തത്തകൾ തോട്ടങ്ങളിലോ മരങ്ങളിലോ എത്തുമ്പോൾ വലിയ ശബ്ദമുണ്ടാക്കാറുണ്ട്. എന്നാൽ ചിറ്റോർഗഢിലെ കറുപ്പ് തോട്ടങ്ങളിലേക്ക് എത്തുന്ന തത്തകൾ അങ്ങേയറ്റം ബുദ്ധിശാലികളും നിശ്ശബ്ദരുമാണ്. കർഷകരുടെയോ കാവൽക്കാരുടെയോ കണ്ണിൽപ്പെടാതെ വളരെ നിശ്ശബ്ദമായി പറന്നുവരുന്ന ഈ തത്തകൾ, കറുപ്പ് ചെടികളിലെ പൂക്കളും കായ്കളും കൊത്തിയെടുത്ത് വേഗത്തിൽ പറന്നുപോകുന്നു.

കറുപ്പ് കായ്കളിൽ നിന്ന് ഊറിവരുന്ന കറ കുടിച്ചാണ് തത്തകൾക്ക് ലഹരി ലഭിക്കുന്നത്. ഒരിക്കൽ ഈ ലഹരിയുടെ രുചി അറിഞ്ഞതോടെ, തത്തകൾ ദിവസവും കൃത്യസമയത്ത് തോട്ടങ്ങളിലേക്ക് കൂട്ടത്തോടെ എത്താൻ തുടങ്ങി. റിപ്പോർട്ടുകൾ പ്രകാരം, ഓരോ ദിവസവും ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന കറുപ്പാണ് ഈ തത്തക്കൂട്ടങ്ങൾ തിന്നുതീർക്കുന്നത്. ലഹരി തലയ്ക്കുപിടിച്ച ശേഷവും അങ്ങേയറ്റം വിദഗ്ധമായി പറന്നുപോകുന്ന ഇവരുടെ വൈദഗ്ധ്യം പ്രാദേശിക കർഷകരെ അദ്ഭുതപ്പെടുത്തുകയും ഒപ്പം ആശങ്കയിലാഴ്ത്തുകയും ചെയ്യുന്നു.

∙ തത്തകളുടെ ജീവനും ഭീഷണി
പറന്നെത്തി ആവശ്യത്തിനു കറുപ്പ് കഴിച്ച് പിന്നെ എട്ടോ പത്തോ മണിക്കൂര്‍ മരക്കൊമ്പില്‍ പോയി ഉറങ്ങുകയാണ് കക്ഷികളുടെ പണി. കറുപ്പ് ചെടിയിലെ പൂവിനകത്ത് നിന്നാണ് ഇവര്‍ തരിതരി പോലുള്ള വിത്തുകള്‍ കൊത്തി തിന്നുന്നത്. കൂട്ടമായെത്തുന്ന തത്തകൾ ചെടിയ്ക്കു കാര്യമായ നാശമൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും ലഹരി കഴിക്കുന്നതു മൂലം പലപ്പോഴും ഇവയുടെ ജീവന്‍ അപകടത്തിലാകാറുണ്ട്. കറുപ്പ് തിന്നു മയങ്ങിയിരിക്കുമ്പോള്‍ മറ്റു ജീവികള്‍ക്കിരയാകാനും വളരെ എളുപ്പമാണ്.

പാമ്പും കീരിയും പരുന്തുമെല്ലാം ഇവയെ അനായാസേന അകത്താക്കും. ഇതോടൊപ്പം കഴിക്കുന്ന ലഹരിയുടെ അളവുകൂടി ഹൃദയസ്തംഭനം വന്നും ഇവ മരിച്ചു വീഴാറുമുണ്ട്. ഒഡീഷയിലെ ചിത്തോര്‍ഗഡ്ഢിലാണ് തത്തകള്‍ കറുപ്പ് കഴിക്കുന്നത് ആദ്യം ശ്രദ്ധയില്‍ പെട്ടത്. 2015 ലായിരുന്നു ഇത്. ഇപ്പോള്‍ ഏതാണ്ട് 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള നിരവധി പാടങ്ങളില്‍ തത്തകള്‍ ഇങ്ങനെ കറുപ്പ് കഴിച്ചു മയങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

∙ സാമ്പത്തിക തകർച്ചയും ഗുണനിലവാര ഭീഷണിയും
തത്തകളുടെ നിരന്തരമായ ആക്രമണം കാരണം കറുപ്പ് ചെടികളുടെ കായ്കൾ വൻതോതിൽ നശിക്കുകയാണ്. ഇത് കറുപ്പിന്റെ ഉൽപാദനത്തെ മാത്രമല്ല, കറുപ്പ് ചെടിയിൽ നിന്ന് ലഭിക്കുന്ന ‘കസ്കസ്’ ഉൽപാദനത്തെയും ഗുണനിലവാരത്തെയും സാരമായി ബാധിക്കുന്നു. ഇന്ത്യയിൽ കറുപ്പ് കൃഷി അത്യന്തം കർശനമായ സർക്കാർ നിയന്ത്രണത്തിലാണ് നടക്കുന്നത്. കേന്ദ്ര നാർക്കോട്ടിക്സ് ബ്യൂറോ നിർദേശിക്കുന്ന നിശ്ചിത അളവിലും ഗുണനിലവാരത്തിലും കറുപ്പ് ഉൽപ്പാദിപ്പിച്ചു നൽകാൻ കഴിഞ്ഞില്ലെങ്കിൽ കർഷകരുടെ കൃഷി ലൈസൻസ് റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്. കഠിനമായ പ്രകൃതിദുരന്തങ്ങളെയും അമിത മഴയെയും അതിജീവിച്ച് വിള സംരക്ഷിച്ചു നിർത്തിയ കർഷകർക്ക് തത്തകളുടെ ഈ ആക്രമണം വൻ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.

∙ കർഷകർ സ്വീകരിക്കുന്ന പ്രതിരോധ മാർഗങ്ങൾ
തത്തകളിൽ നിന്ന് വിള സംരക്ഷിക്കുന്നതിനായി കർഷകർ ഒട്ടേറെ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. തോട്ടങ്ങൾക്ക് മുകളിലും ചുറ്റും വലിയ സുരക്ഷാ വലകൾ കെട്ടി തത്തകളെ തടയുന്നു. ഉച്ചഭാഷിണികളും പടക്കങ്ങളും ഉപയോഗിച്ച് വലിയ ശബ്ദമുണ്ടാക്കി തത്തകളെ ഓടിക്കാനും ശ്രമിക്കുന്നു. തത്തകൾ നിശ്ശബ്ദമായി എത്തുന്നത് തടയാൻ കർഷകർ കുടുംബസമേതം തോട്ടങ്ങളിൽ രാപ്പകൽ കാവലിരിക്കുകയും ചെയ്യുന്നുണ്ട്.

തോട്ടം മുഴുവൻ മറയ്ക്കുന്ന രീതിയിൽ വലിയ വലകൾ സ്ഥാപിക്കുന്നത് കർഷകരുടെ ഉൽപ്പാദനച്ചെലവ് വൻതോതിൽ വർധിപ്പിച്ചിരിക്കുകയാണ്. രാപ്പകലില്ലാതെ തോട്ടങ്ങളിൽ കാവൽ നിൽക്കേണ്ടി വരുന്നത് കർഷകരുടെ സമാധാനവും ആരോഗ്യവും കെടുത്തുന്നു. വിവിധ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിട്ടും ലഹരിക്ക് അടിമപ്പെട്ട തത്തക്കൂട്ടങ്ങൾ വീണ്ടും വീണ്ടും തോട്ടങ്ങളിലേക്ക് എത്തുന്നത് കർഷകരെ വലയ്ക്കുകയാണ്.

∙ ഇന്ത്യയിലെ കറുപ്പ് കൃഷിയും നാർക്കോട്ടിക്സ് നിയമങ്ങളും
ഇന്ത്യയിൽ സാധാരണക്കാർക്ക് കറുപ്പ് കൃഷി ചെയ്യുന്നത് പൂർണമായും നിരോധിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ ഔഷധ ആവശ്യങ്ങൾക്കായി രാജസ്ഥാനിലെ ചിറ്റോർഗഢ്, ഭിൽവാര, കോട്ട, പ്രതാപ്ഗഢ്, ഉദയ്പൂർ, ബാരാ തുടങ്ങി ജില്ലകളിലും മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില നിർദിഷ്ട മേഖലകളിലും കേന്ദ്ര നാർക്കോട്ടിക്സ് ബ്യൂറോയുടെ പ്രത്യേക അനുമതിയോടെ മാത്രം കറുപ്പ് കൃഷി ചെയ്യാൻ അനുവാദം നൽകുന്നു.

കർഷകരിൽ നിന്ന് കിലോഗ്രാമിന് ഏകദേശം 2,500 രൂപ നിരക്കിലാണ് സർക്കാർ കറുപ്പ് വാങ്ങുന്നത്. എന്നാൽ അനധികൃത ബ്ലാക്ക് മാർക്കറ്റിൽ ഇതിന് കിലോയ്ക്ക് രണ്ടു ലക്ഷം രൂപയോളം വിലയുണ്ട്. ഇത്രയും മൂല്യമുള്ള വിള തത്തകൾ നശിപ്പിക്കുമ്പോൾ അത് കർഷകർക്കും രാജ്യത്തിന്റെ ഔഷധ മേഖലയ്ക്കും ഒരുപോലെ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.

പ്രകൃതിയിലെ വിചിത്ര സംഭവങ്ങൾ പലപ്പോഴും മനുഷ്യന്റെ ഉപജീവനത്തിന് വലിയ വെല്ലുവിളിയാകാറുണ്ട്. എന്നാൽ ലഹരിക്ക് അടിമപ്പെട്ട ഒരു പക്ഷിസമൂഹം ഒരു നാടിന്റെ കൃഷിയെയും സാമ്പത്തിക ഭദ്രതയെയും പ്രതിസന്ധിയിലാക്കുന്നത് അത്യപൂർവമായ സംഭവമാണ്. വന്യജീവി വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും അടിയന്തര ഇടപെടലും, സർക്കാരിന്റെ സാമ്പത്തിക സഹായവും ഉണ്ടായാൽ മാത്രമേ ചിറ്റോർഗഢിലെ കർഷകർക്ക് ഈ വിചിത്ര പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധിക്കൂ.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!