മലയാള സിനിമകളിലെ സ്ഥിരം ‘എസ്.ഐ’; നടൻ രാജശേഖരൻ അന്തരിച്ചു, ആദരമർപ്പിച്ച് മമ്മൂട്ടി
മലയാള സിനിമയിൽ പോലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ രാജശേഖരൻ അന്തരിച്ചു. കോട്ടയം ചിങ്ങവനത്തെ വസതിയിലായിരുന്നു അന്ത്യം. മലയാളത്തിൽ ഏറ്റവും കൂടുതൽ പോലീസ് വേഷമണിഞ്ഞ നടന്മാരിൽ ഒരാളെന്ന നിലയിൽ എസ്.ഐ രാജശേഖരൻ എന്നാണ് അദ്ദേഹം സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്. വില്ലൻ വേഷങ്ങളിലും പോലീസ് വേഷങ്ങളിലുമാണ് അദ്ദേഹം തിളങ്ങിയത്. ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യംകൂടിയായിരുന്നു രാജശേഖരൻ.
ചലച്ചിത്രമേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേർ രാജശേഖരൻ ആദരാഞ്ജലിയർപ്പിച്ചു. മലയാളികളുടെ പ്രിയതാരം മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ രാജശേഖരന് അന്ത്യാഞ്ജലിയർപ്പിച്ചു. നടൻ എസ്.ഐ രാജശേഖരന് ആദരഞ്ജലികൾ എന്നാണ് മമ്മൂട്ടി ചിത്രത്തോടൊപ്പം കുറിച്ചത്.
എൺപതുകൾ മുതൽ മലയാളസിനിമയിൽ സജീവമായിരുന്നു രാജശേഖരൻ. ‘സന്ദർഭ’ത്തിലെ പോലീസ് ഇൻസ്പെക്ടർ, ‘രാജാവിന്റെ മകനി’ലെ ആഭ്യന്തര മന്ത്രി എൻ. കൃഷ്ണദാസിന്റെ സഹായിയായ സാബു, ‘വഴിയോരക്കാഴ്ചകളി’ലെ ഡോക്ടർ, ‘മുദ്ര’യിലെ ജുവനൈൽ ഹോമിലെ പോലീസ് കോൺസ്റ്റബിൾ, ‘നായർ സാബി’ലെ ജെയിംസിന്റെ സഹായിയായ ഉലഹന്നാൻ, ‘സേതുരാമയ്യർ സിബിഐ’യിലെ കണ്ണൂർ സെൻട്രൽ ജയിലിലെ ജയിലർ രാജു, ‘താപ്പാന’യിലെ പോലീസ് ഇൻസ്പെക്ടർ എന്നിങ്ങനെ നീളുന്നു രാജശേഖരൻ മികവുറ്റതാക്കിയ വേഷങ്ങൾ.
നമ്പർ 20 മദ്രാസ് മെയിൽ, പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തി. 2015-ൽ പുറത്തിറങ്ങിയ ‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’യിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സിനിമാരംഗത്തിന് പുറമെ നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവമായിരുന്നു.
