ആധുനിക ഖത്തറിന്‍റെ ശില്‍പി; ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി അന്തരിച്ചു

Share our post

ഖത്തര്‍ മുൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് ഖത്തർ അമീരി ദിവാൻ അറിയിച്ചു. നിലവിലെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പിതാവായ അദ്ദേഹം, 1995 മുതൽ 2013 വരെയാണ് ഖത്തർ ഭരിച്ചത്. ഇന്ത്യയുമായി എന്നും ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ  ഭരണകാലത്താണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ-വ്യാപാര കരാറുകളും പ്രവാസി ക്ഷേമവും ഏറ്റവും കൂടുതൽ ശക്തമായത്. 

ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ വിയോഗത്തില്‍ ഖത്തർ തിങ്കളാഴ്ച മുതൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കും, കൂടാതെ രാജ്യത്തെ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. ഖത്തറിന്‍റെ ഊർജ്ജസമ്പന്നമായ വികസനത്തിന്‍റെ മുഖ്യ ശിൽപ്പിയായിരുന്നു ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി. അദ്ദേഹത്തിന്റെ ഭരണകാലത്താണ് രാജ്യം സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ വലിയ മുന്നേറ്റങ്ങൾ കൈവരിച്ചത്. കൂടാതെ അന്താരാഷ്ട്ര തലത്തിൽ ഖത്തറിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. 

ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതിക്കാരായി ഖത്തര്‍ മാറിയതിന് പിന്നിൽ ശൈഖ് ഹമദിന്റെ നേതൃത്വത്തിൽ നടന്ന വലിയ സാമ്പത്തിക നിക്ഷേപങ്ങളും വിപുലമായ അന്താരാഷ്ട്ര പങ്കാളിത്തങ്ങളുമുണ്ട്. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ ഭരണകാലത്താണ് അൽ ജസീറ വാർത്താ ചാനൽ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മാധ്യമ ശൃംഖലകളിലൊന്നായി അത് മാറുകയും ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും അദ്ദേഹം തന്നെ. എജുക്കേഷൻ സിറ്റി സ്ഥാപിച്ച് ലോകോത്തര സർവകലാശാലകളെ ഖത്തറിലേക്ക് കൊണ്ടുവന്നതും ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ കഴിവ്. 2013ലാണ് തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അദ്ദേഹം അധികാരം കൈമാറിയത്. 

ഖത്തറിന്റെ ചരിത്രത്തിലെ സുവർണ കാലഘട്ടമായാണ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ 18 വര്‍ഷത്തെ ഭരണത്തെ കണക്കാക്കുന്നത്. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ വിയോഗം തീരാനഷ്ടമാണ് രാജ്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കും സമ്മാനിക്കുന്നത്. ശൈഖ് ഹമദിന്റെ വിയോഗത്തിൽ നിരവധി ലോകനേതാക്കളും അനുശോചനം രേഖപ്പെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!