കണ്ണൂരിൽ സ്ത്രീപീഡന, പോക്സോ കേസുകളിൽ വർധന; ശിക്ഷിക്കപ്പെടുന്നവർ കുറവ്

Share our post

കണ്ണൂർ: ജില്ലയിൽ സത്രീപീഡന കേസുകളും പോക്സോ കേസുകളും വർദ്ധിക്കുമ്പോൾ അറസ്റ്റു ചെയ്യപ്പെടുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും എണ്ണത്തിൽ കുറവ്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ 7720 സ്ത്രീപീഡന കേസുകളും 1967 പോക്സോ കേസുകളുമാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ ആകെ ശിക്ഷിക്കപ്പെട്ടത് 1053 പേർ മാത്രം.

സ്ത്രീപീഡന കേസുകളിൽ 796 പേരും പോക്സോ കേസുകളിൽ 257 പേരും മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2016 മേയ് ഒന്നുമുതൽ 2026 ഏപ്രിൽ 30 വരെയുള്ള കണക്കാണിത്.

കണ്ണൂർ റൂറൽ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇവിടെ മാത്രം 998 പോക്സോ കേസുകളും 4226 സ്ത്രീപീഡന പരാതികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിറ്റി പരിധിയിൽ 969 പോക്സോ കേസുകളും 3494 സ്ത്രീപീഡന പരാതികളുമാണ് രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്ത സത്രീപീഡന കേസുകളിൽ അറസ്റ്റിലായവരിൽ 2171 പേരെ വെറുതെ വിട്ടിട്ടുണ്ട്. ഇതിൽ കോടതി കുറ്റവിമുക്തരാക്കിയ കേസുകളിൽ 2148 എണ്ണത്തിൽ സർക്കാർ അപ്പീൽ പോലും നൽകിയിട്ടില്ല. പോക്സോ കേസുകളിലും സമാന അവസ്ഥയാണ്.പോക്സോ കേസുകളിൽ 1091 പേരെയാണ് വെറുതെ വിട്ടത്. ഇതിൽ 1062 കേസുകളിലും സർക്കാർ അപ്പീൽ നൽകിയിട്ടില്ല.

പരാതികൾക്ക് കുറവില്ല
നിയമങ്ങളും നടപടികളും ശക്തമാക്കുമ്പോഴും ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ, ചൂഷണം ചെയ്യൽ, ശല്യം ചെയ്യൽ, സത്രീധന മരണം, ഭർത്തൃപീഡനം തുടങ്ങിയ പരാതികൾ ദിനംപ്രതി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തുന്നുണ്ട്. കുട്ടികൾക്കെതിരായ അതിക്രമങ്ങളും കുറവില്ല.ആൺകുട്ടികളും ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സംഭവങ്ങളുണ്ട്.. എന്നാൽ ആൺകുട്ടികൾ ഇത് തുറന്ന് പറയാൻ മടിക്കുന്നതാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ പ്രവർത്തകർ പറഞ്ഞു.സ്‌കൂളിൽ നടക്കുന്ന കൗൺസലിംഗിലൂടെയാണ് പലപ്പോഴും താൻ അതിക്രമത്തിന് ഇരയായെന്ന് കുട്ടികൾ തുറന്ന് പറയുന്നത്.

പത്തുവർഷത്തിൽ കൊല്ലപ്പെട്ടത് 43 സ്ത്രീകൾ, 19 കുട്ടികൾ

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ജില്ലയിൽ 43 സ്ത്രീകളും 19 കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 2196 കേസുകളും കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ 675 കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തത് കണ്ണൂർ റൂറൽ പരിധിയിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!