സാദിഖിന്റെ യാത്ര നമ്പർ പ്ലേറ്റില്ലാതെ; ബൈക്കിൽ നൂറ് കി.മീ.വേഗത്തിൽ ചീറിപ്പായും, ലഹരി അന്വേഷണം സിനിമാ മേഖലയിലേക്കും
കൊച്ചി ∙ ആഡംബര ഹോട്ടലിൽനിന്ന് ഡോക്ടറും അഭിഭാഷകരും ബിസിനസുകാരുമടങ്ങുന്ന എട്ടംഗ സംഘം ലഹരി മരുന്നുമായി പിടിയിലായതിന്റെ അന്വേഷണം സിനിമ മേഖലയിലേക്കും. സിനിമ മേഖലയിലെ പ്രൊഡക്‌ഷൻ കണ്‍ട്രോളർ തലയോലപ്പറമ്പ് വടയാർ വിഷ്ണു നിവാസിൽ വിശാൽ സോമൻ (34) പിടിയിലായതോടെയാണിത്. 5.6 ഗ്രാം എംഡിഎംഎയുമായാണ് വിശാൽ പിടിയിലായത്.
കഴിഞ്ഞ ദിവസം 390 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ ആലുവ എടത്തല സ്വദേശി മുഹമ്മദ് സാദിഖിന്റെ (26) പക്കൽ നിന്നാണ് വിശാൽ ലഹരിമരുന്ന് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സാദിഖിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇടപാടുകാരനായ അടുത്ത സുഹൃത്ത് വിശാലിനെപ്പറ്റി വിവരം ലഭിച്ചതും തുടരന്വേഷണം അറസ്റ്റിലേക്ക് നയിച്ചതും.
തൃക്കാക്കര വാഴക്കാലയിൽ വച്ച് ഡാൻസാഫ് സംഘമാണ് ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിൽ മുഹമ്മദ് സാദിഖിനെ പിടികൂടിയത്. കൊച്ചിയിലെ യുവാക്കൾക്കിടയിലും നിശാപാർട്ടികളിലും പ്രമുഖ നൈറ്റ് ക്ലബ്ബുകളിലും രാസലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇയാൾ എന്നു പൊലീസ് കണ്ടെത്തിയിരുന്നു. സിനിമാ മേഖലയിലേക്കും സാദിഖ് ലഹരി എത്തിച്ചിരുന്നുവെന്ന് വിശാലിന്റെ അറസ്റ്റോടെ പൊലീസ് സ്ഥിരീകരിക്കുന്നു. സിനിമാമേഖലയിൽ നിന്നുള്ള കൂടുതൽ വ്യക്തികളെപ്പറ്റി സാദിഖ് പൊലീസിനു വിവരം നൽകിയിട്ടുണ്ടെന്നാണു സൂചന. ഈ വർഷമാദ്യം 450 ഗ്രാം രാസലഹരിയുമായി അറസ്റ്റിലായ ലഹരി സംഘത്തലവനും തൊടുപുഴ സ്വദേശിയുമായ കെവിൻ ബി. മാത്യുവുമായി സാദിഖിന് അടുത്ത ബന്ധമുണ്ടായിരുന്നു.
കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ വച്ച് ഡോക്ടർമാരും അഭിഭാഷകരും അടങ്ങുന്ന എട്ടംഗ സംഘത്തെ പിടികൂടിയ പാർട്ടിയിലേക്ക് ലഹരി എത്തിച്ചത് കെവിൻ ആയിരുന്നു. അന്ന് തൃക്കാക്കര ചെമ്പുമുക്കിലെ താമസസ്ഥലത്തു നിന്നാണ് ഡാൻസാഫ് സംഘം കെവിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്സ്റ്റസി പിൽസ് എന്നിവയും ലഹരി ഇടപാടിലൂടെ സമ്പാദിച്ചതെന്ന് കരുതുന്ന ഒരു ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു.
കെവിൻ ജയിലിലായതോടെ ഇയാളുടെ സംഘത്തിലെ പ്രധാനിയായ സാദിഖ് ഇടപാടുകൾ ഏറ്റെടുക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കേരളത്തിന് പുറത്തുനിന്ന് എത്തിക്കുന്ന ലഹരിമരുന്ന് കുമരകത്തുള്ള സാദിഖിന്റെ താൽക്കാലിക താവളത്തിൽ വച്ച് ചെറിയ പായ്ക്കറ്റുകളാക്കി മാറ്റിയ ശേഷമാണ് കൊച്ചി നഗരത്തിലെ ആവശ്യക്കാർക്ക് വിതരണം ചെയ്തിരുന്നത്. വിശാലിന്റെ അറസ്റ്റോടെ സിനിമ മേഖലയിൽ അടക്കം നഗരത്തിലെ കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
സാദിഖിന്റെ കൂടുതൽ ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ മണിക്കൂറില്‍ 100 കിലോമീറ്റർ വേഗത്തിലായിരുന്നു സാദിഖിന്റെ യാത്രകൾ. പണമിടപാടുകളാവട്ടെ, ക്യുആർ കോഡ് വഴി മറ്റു ചിലരുടെ അക്കൗണ്ടുകളിലേക്കും. ഇവർ കമ്മിഷൻ വ്യവസ്ഥയിൽ പിന്നീട് പണം പിൻവലിച്ച് സാദിഖിനു നൽകുകയാണ് ചെയ്യുക.
