രാഘവൻ കോടികളുടെ നിർഭാഗ്യവാൻ; 60 വർഷത്തിനിടെ എടുത്തത് രണ്ട് കോടി രൂപയുടെ ലോട്ടറി ടിക്കറ്റ്
കരിവെള്ളൂർ : ഭാഗ്യദേവതയ്ക്ക് ഒരു ചരിത്രമുണ്ട്. തൊഴിലില്ലായ്മ പരിഹരിക്കാനും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സർക്കാരിന് വരുമാനം കണ്ടെത്തുന്നതിനുമാണ് കേരള ലോട്ടറി ആരംഭിച്ചത്. 1967 നവംബർ 1ന് ആദ്യ ടിക്കറ്റ് പുറത്തിറക്കി. 50000 രൂപയാണ് സമ്മാന തുക. 1968 ജനുവരി 26 നായിരുന്നു നറുക്കെടുപ്പ്. കേരളം ലോട്ടറി ആരംഭിക്കുന്നതിനു മുൻപ് ലോട്ടറിക്കൊപ്പം നടന്ന ‘കോടികളുടെ നിർഭാഗ്യവാനാണ്’ കരിവെള്ളൂർ പാലക്കുന്നിലെ പി.പി.രാഘവൻ. 1967ൽ ഭൂട്ടാൻ ഡാറ്റ ടിക്കറ്റാണ് രാഘവൻ ആദ്യം എടുത്തത്. പിന്നീട് കേരളത്തിന്റെ ആദ്യ ടിക്കറ്റും ഒരു രൂപ കൊടുത്ത് സ്വന്തമാക്കി. അവിടുന്ന് ഒരു യാത്രയായിരുന്നു. ഭാഗ്യദേവത കടാക്ഷിക്കുമെന്നു കരുതി രാഘവൻ ലോട്ടറിയെടുക്കാൻ തുടങ്ങിയിട്ട് 60 കൊല്ലമായി. അവസാനമായി എടുത്തത് ഇക്കഴിഞ്ഞ വിഷു ബംബർ ടിക്കറ്റ് ആയിരുന്നു. നാളിതുവരെയുള്ള ലോട്ടറി ടിക്കറ്റുകൾ രാഘവൻ സൂക്ഷിച്ചുവച്ചു. ഇതുവരെയെടുത്ത ടിക്കറ്റുകളുടെ പണത്തിന്റെ മൊത്തം ചെലവ് കൂട്ടിനോക്കിയപ്പോൾ ടിക്കറ്റെടുത്ത വകയിൽ തന്നെ രാഘവൻ കോടീശ്വരനാണ്.
ഏകദേശം രണ്ട് കോടി!. രാഘവന്റെ ഭാഷയിൽ പറഞ്ഞാൽ രണ്ട് കോടിയുടെ നിർഭാഗ്യവാൻ. അഞ്ചോളം ചാക്കുകളിലാണ് നാളിതുവരെയുള്ള എല്ലാ ടിക്കറ്റുകളും ഭദ്രമായി സൂക്ഷിക്കുന്നത്. മൂന്നക്കത്തിന് 4,000 രൂപ ലഭിക്കുന്ന ഭൂട്ടാൻ ലോട്ടറി പലതവണ അടിച്ചു. കൃഷിയിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചായിരുന്നു ലോട്ടറി ടിക്കറ്റുകൾ വാങ്ങിച്ചു കൂട്ടിയത്. രണ്ടര ഏക്കർ സ്ഥലത്ത് നെല്ല്, തെങ്ങ്, വാഴ എന്നിവ കൃഷി ചെയ്തു. കന്നുകാലി വളർത്തലിലും സജീവമായിരുന്നു. ഒരു കാലത്ത് പയ്യന്നൂരും കാഞ്ഞങ്ങാട്ടും പോയി ടിക്കറ്റ് വാങ്ങുമായിരുന്നു. ഒരു ദിവസം 1000 മുതൽ 3000 രൂപവരെ ചെലവഴിച്ച് ടിക്കറ്റുകൾ വാങ്ങിയിരുന്നു.
അന്ന് ഏജന്റുമാരുടെ ഉറ്റതോഴനായിരുന്നു രാഘവൻ. ടിക്കറ്റ് എടുത്ത് കടബാധ്യത വന്നപ്പോൾ സ്ഥലവും ഭാര്യയുടെ ആഭരണങ്ങളും വിറ്റു. ഇപ്പോൾ 25 സെന്റ് സ്ഥലത്ത് കൊച്ചുവീട്ടിലാണ് രാഘവനും ഭാര്യ കെ.ശാന്തയും താമസിക്കുന്നത്. പ്രായം കാരണം പുറത്തേക്ക് ഇറങ്ങാറില്ല. നിലവിൽ ബംബർ ടിക്കറ്റ് മാത്രമാണ് വാങ്ങുന്നത്. ‘‘ എപ്പോഴെങ്കിലും ഭാഗ്യദേവത കടാക്ഷിക്കുമെന്ന് കരുതി. പക്ഷേ, അത് ഉണ്ടായില്ല. “ഇന്ന് കോടികളുടെ നിർഭാഗ്യവാനാണു ഞാൻ’’– രാഘവൻ ചിരിച്ചു.
