ഫിറ്റ്‌നസ് ടെസ്റ്റിന് വാഹന ഉടമകൾക്ക് ഓഫീസ് തിരഞ്ഞെടുക്കാം; കൈക്കൂലിക്കുള്ള അവസരമായി മാറാൻ സാധ്യത
തിരുവനന്തപുരം: ഫിറ്റ്നസ് ടെസ്റ്റിന് സൗകര്യപ്രദമായ ഓഫീസ് തിരഞ്ഞെടുക്കാൻ വാഹന ഉടമകൾക്ക് സർക്കാർ അനുമതി. ടാക്സി, ടിപ്പർ മേഖലയിലെ വിവിധ സംഘടനകളുമായി മന്ത്രി സി.പി ജോൺ നടത്തിയ ചർച്ചയിലാണ് ധാരണ. ഏറെക്കാലമായി വാഹനമേഖലയിൽ നിന്നുയരുന്ന ആവശ്യമാണ് സർക്കാർ അംഗീകരിച്ചത്. സദുദ്ദേശത്തോടെയാണ് സർക്കാർ ഈ ആവശ്യം അംഗീകരിച്ചതെങ്കിലും ഇടനിലക്കാരും മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കൈക്കൂലിക്കുള്ള അവസരമായി ഇത് മാറ്റാനിടയുണ്ട്.
നേരത്തേ പല മന്ത്രിസഭയുടെ കാലത്തും ഈ ആവശ്യം ചർച്ചയിൽ എത്തിയെങ്കിലും ക്രമക്കേടിന് സാധ്യതയുള്ളതിനാൽ തള്ളിക്കളയുകയായിരുന്നു. വാഹനം പരിശോധിക്കാതെ ഫിറ്റ്നസ് നൽകുന്ന ഉദ്യോഗസ്ഥർ മോട്ടോർ വാഹനവകുപ്പിലുണ്ട്. ഇവർ ജോലി ചെയ്യുന്നിടത്തേയ്ക്ക് ഫിറ്റ്നസ് ടെസ്റ്റിന് കൂടുതൽ വാഹനങ്ങൾ എത്തും.
അടുത്തിടെ കൊല്ലം ആർ.ടി ഓഫീസിൽ നടന്ന വിജിലൻസ് പരിശോധനയിൽ 512 വാഹനങ്ങളുടെ ഫിറ്റ്നസ് നൽകിയതിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. മറ്റു ഓഫീസുകളിൽ പരിശോധിക്കേണ്ട വാഹനങ്ങളാണ് കൊല്ലത്ത് എത്തിയത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ചില ഇൻസ്പെക്ടർമാർ ഇവയ്ക്ക് ഫിറ്റ്നസ് നൽകി. വടക്കൻ ജില്ലകളിൽ നിന്നുള്ള റൂട്ട് ബസുകൾവരെ കൊല്ലത്ത് ഫിറ്റനസിന് എത്തിയതിൽ ദൂരുഹതയുണ്ട്. ക്രമക്കേട് കാണിച്ച അസി. വെഹിക്കിൾ ഇൻസ്പെക്ടർ സസ്പെൻഷനിലാണ്.
ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ അറ്റകുറ്റപ്പണി തീർത്ത് പെയിന്റ് അടിച്ച് ഫിറ്റ്നസിന് യോഗ്യമാക്കാൻ കുറഞ്ഞത് ഒന്നര ലക്ഷം രൂപയെങ്കിലും വേണ്ടിവരും. കൈക്കൂലി വാങ്ങി ഫിറ്റ്നസ് നൽകുന്ന ഉദ്യോഗസ്ഥർ ഉള്ളപ്പോൾ കാശുമുടക്കി വാഹനം പണിയുന്നതിനെക്കാൾ ലാഭകരം അവർ ജോലി ചെയ്യുന്നിടത്തേയ്ക്ക് എത്തുന്നതാണ്.
പരിശോധന കടുത്താൽ ഓഫീസ് മാറാം
കർശന പരിശോധനയുള്ള ഓഫീസുകൾ ഒഴിവാക്കാനും ഈ സൗകര്യം ദുരുപയോഗം ചെയ്യാനിടയുണ്ട്. കൈക്കൂലിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥർ വാഹനം കൃത്യമായി പരിശോധിക്കാൻ തയാറാകും. ഇത്തരക്കാരുള്ള ഓഫീസുകൾ ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കും. ചില ജോ. ആർ.ടി.ഒമാർ സൂപ്പർ ചെക്കിങ്ങിന് ഫിറ്റ്‌നസ് ഗ്രൗണ്ടിൽ എത്താറുണ്ട്. ഇതും ഓഫീസ് മാറാൻ പ്രേരിപ്പിക്കുന്നുണ്ട്.
നെയ്യാറ്റിൻകരയിൽ 3000-ത്തിൽ അധികം വാഹനങ്ങൾ
താരതമ്യേന തിരക്ക് കുറഞ്ഞ നെയ്യാറ്റിൻകര ഓഫീസിൽ മറ്റു ജില്ലകളിൽ പരിശോധന നടത്തേണ്ട 3000-ത്തിൽ അധികം വാഹനങ്ങളാണ് അടുത്തിടെ ഫിറ്റ്നസിന് വേണ്ടി എത്തിയത്. ബസ്, ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ അവ അറ്റകുറ്റപ്പണി ചെയ്യുന്നതിന് സൗകര്യമുള്ള മേഖലയിൽ ഫിറ്റ്‌നസ് നടത്താറുണ്ട്. എന്നാൽ നെയ്യാറ്റിൻകരയിൽ അത്തരം വലിയ വർക്ക്ഷോപ്പുകളൊന്നുമില്ലെന്നതും വടക്കൻ ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ ഇത്രയും ദൂരം പിന്നിട്ട് ഫിറ്റ്നസ് തേടി വന്നു എന്നതിലും ദുരൂഹതയുണ്ട്.
ക്രമക്കേടിന്റെ വഴി
അസി. വെഹിക്കിൾ ഇൻസ്പെക്ടറും, വെഹിക്കിൾ ഇൻസ്പെക്ടറുമാണ് വാഹനങ്ങൾ പരിശോധിക്കുന്നത്. കൈക്കൂലി വാങ്ങി ഇവർ കണ്ണടച്ചാൽ വാഹനങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും. വാഹനം പരിശോധനയ്ക്ക് എത്തിക്കണമെന്നുപോലുമില്ല. ഇടനിലക്കാർവഴി ഫയൽ എത്തും. പടി വാങ്ങി ഫിറ്റ്‌നസ് നൽകുകയും ചെയ്യും. ഡ്രൈവിങ് ടെസ്റ്റ് ക്യാമറയിൽ പകർത്തണമെന്ന് നിർദേശമുള്ളപ്പോൾ ഫിറ്റ്നസിൽ അത് ബാധകമല്ല എന്നതിനാൽ ക്രമക്കേടിന് അനന്ത സാധ്യതയാണുള്ളത്.
നിലവിലും സൗകര്യമുണ്ട്, പക്ഷേ നടപടിക്രമം പാലിക്കണം
രജിസ്ട്രറിങ് അതോറിട്ടിക്ക് (ആർ.ടി.ഒ) ഏത് വാഹനവും പരിശോധിച്ച് ഫിറ്റ്നസ് നൽകാം എന്നാണ് നിയമം. അതേസമയം വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് (ഇൻസ്പെക്ടിങ് അതോറിട്ടി) വാഹനപരിശോധന നടത്താനുള്ള അധികാരം മാത്രമാണുള്ളത്. ആർ.ടി.ഒമാർക്ക് അപേക്ഷ നൽകുകയും അവർ അനുവദിക്കുകയും ചെയ്യുന്നത് അനുസരിച്ച് മറ്റു ഓഫീസുകളിൽ ഫിറ്റ്നസ് പരിശോധന നടത്താനുള്ള സൗകര്യം ഇപ്പോഴുമുണ്ട്. ഇങ്ങനെ അപേക്ഷ നൽകുമ്പോൾ കാരണം ബോധിപ്പിക്കേണ്ടിവരും. വാഹനം രജിസ്ട്രർ ചെയ്തിട്ടുള്ള ഓഫീസിൽ നിന്നും പരിശോധന നടത്തേണ്ട ഓഫീസിൽ നിന്നും അനുമതി വേണം. ഈ സംവിധാനം ഒഴിവാക്കി നേരിട്ട് ഇൻസ്പെക്ടർമാരെ സമീപിച്ച് ഫിറ്റ്നസ് നേടാൻ സൗകര്യം ഒരുക്കണമെന്നാണ് ടാക്സി, ലോറി, ബസ് മേഖലയിലെ വിവിധ സംഘടനകളുടെ ആവശ്യം.
പ്രതീക്ഷ ഓട്ടോമെറ്റിക്ക് പരിശോധനാ കേന്ദ്രങ്ങളിൽ
ഒരു ജില്ലയിൽ രണ്ട് വീതം യന്ത്രവൽകൃത വാഹന പരിശോധനാ കേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇവയിലേക്ക് പരിശോധന മാറുമ്പോൾ ക്രമക്കേടിന് സാധ്യത കുറയും. സസ്പെൻഷൻ, ബ്രേക്ക് തുടങ്ങിയ ഘടകങ്ങളെല്ലാം യന്ത്രസഹായത്തോടെ പരിശോധിക്കുന്നതാണ് ഓട്ടോമെറ്റിക്ക് വെഹിക്കിൾ ടെസ്റ്റിങ് കേന്ദ്രങ്ങൾ.
