‘അതൊക്കെ സ്വാഭാവികം, വിവാദമാക്കേണ്ടതില്ല’; ദിവ്യ എസ്. അയ്യരുടെ സ്ഥലംമാറ്റത്തിൽ കെ.കെ. ശൈലജ

Share our post

തിരുവനന്തപുരം: ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ. ദിവ്യ എസ്. അയ്യരെ മാറ്റിയത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും പുതിയ സർക്കാർ വരുമ്പോൾ ഉദ്യോഗസ്ഥരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്നും അവർ പറഞ്ഞു. മനഃപൂർവ്വം ആരെങ്കിലും മാറ്റിയതാണോ എന്ന് തനിക്ക് അറിയില്ലെന്നും ഉദ്യോഗസ്ഥരുടെ മാറ്റം ഭരണപരമായ കാര്യങ്ങളുടെ ഭാഗമാണെന്നും അവർ വിശദീകരിച്ചു.

വിഴിഞ്ഞം പോർട്ട് എംഡിയെ തിടുക്കപ്പെട്ട് മാറ്റിയതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കെ.കെ ശൈലജ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ദിവ്യ എസ് അയ്യരെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ പലതവണ നീക്കമുണ്ടായതായി രാഗേഷ് ആരോപിച്ചിരുന്നു. ‘വിഴിഞ്ഞം കരാറിലെ വ്യവസ്ഥയിൽ അദാനി അധികൃതർ എന്തെങ്കിലും വിധത്തിലുള്ള വ്യതിയാനം വരുത്താൻ ശ്രമിച്ച ഘട്ടത്തിലെല്ലാം അത് തടയുന്നതിന് സംസ്ഥാന താൽപ്പര്യാർത്ഥം അതീവ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ഡോ. ദിവ്യ എസ് അയ്യർ. അദാനി അധികൃതർക്ക് ഇത് അന്നേ അത്ര രസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദിവ്യ എസ് അയ്യരെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ പലതവണ നീക്കമുണ്ടായി. ”പോർട്ടിന്റെ കാര്യം നിങ്ങൾ നോക്കിയാൽ മതി, ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം” എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടിനുമുന്നിൽ അദാനിയുടെ ഉദ്ദേശങ്ങളൊന്നും നടന്നില്ല. ഭരണമാറ്റം ഉണ്ടായ ഉടനെ തന്നെ തന്ത്രപ്രധാനമായ ഒരു പ്രോജക്ടിന്റെ മേധാവി ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റി പകരം ഒട്ടും അനുഭവ പരിജ്ഞാനമില്ലാത്ത ഒരുദ്യോഗസ്ഥനെ നിയമിക്കാനുള്ള കാരണമെന്താണെന്ന്’ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടിരുന്നു.

കേരളത്തിന് അർഹതപ്പെട്ട എയിംസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലും ശൈലജ ടീച്ചർ തന്റെ നിലപാട് വ്യക്തമാക്കി. താൻ മന്ത്രിയായിരുന്ന കാലത്തും പിന്നീട് മുഖ്യമന്ത്രിയും നിരവധി തവണ എയിംസിനായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ, ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. കേരളത്തിൽ എവിടെ എയിംസ് വന്നാലും അത് സന്തോഷമുള്ള കാര്യമാണ്. വികസനത്തിന് അനുയോജ്യമായ സ്ഥലം എവിടെയാണോ അവിടെയാണ് ഇത്തരം സ്ഥാപനങ്ങൾ വരേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. കിനാലൂരിൽ ആവശ്യത്തിന് സ്ഥലമുണ്ടെന്ന് കണ്ട് അത് നിർദ്ദേശിച്ചിട്ടും കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് അവർ ഓർമ്മിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!