ക്ലോക്ക് ടവർ തകർന്നുവീണതിന് പിന്നാലെ കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിന് പിന്നാലെ കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 11:10 ഓടെ അപകടം നടന്നതിന് ശേഷം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വഴി ട്രെയിനുകളൊന്നും കടത്തി വിട്ടിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് സ്റ്റേഷനിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചിരുന്നു.
അപകടത്തെ തുടർന്ന് രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്്. ഗതാഗതം പുനഃസ്ഥാപിച്ചാലും നാലാമത്തെ പ്ലാറ്റ്ഫോമിലൂടെ മാത്രമാകും ട്രെയിൻ കടത്തിവിടുക. കോഴിക്കോട് നിന്ന് 1.45ന് പുറപ്പെടേണ്ട ജനശതാബ്ദി കല്ലായിയിൽനിന്നാകും പുറപ്പെടുക. ജനശതാബ്ദിയിൽ പോകേണ്ടവർക്ക് കോഴിക്കോട് നിന്ന് കല്ലായി വരെ ഏറനാട് എക്സ്പ്രസിൽ പോകാൻ അനുമതിയുണ്ട്.
നേത്രാവതി, ഏറനാട് ട്രെയിനുകൾ വെള്ളയിൽ , വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. മറ്റു ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലും സിഗ്നൽ പോയിന്റുകളിലും പിടിച്ചിട്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് ക്ലോക്ക് ടവർ തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പ്ലാറ്റ് ഫോമിൽ ഉള്ളപ്പോഴാണ് അപകടം. ഈ ട്രെയിൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2:05 ന് പുറപ്പെടേണ്ടിയിരുന്നതാണ് ട്രെയിൻ. അപകടം നടക്കുന്ന സമയത്ത് യാത്രക്കാർ ഇവിടെ ഇല്ലാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്. ഇവിടെ ഉണ്ടായിരുന്ന ചില ജീവനക്കാർ ഓടിമാറുകയും ചെയ്തു.
