പോളിയോ തുള്ളിമരുന്ന്; 10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികൾ കുറഞ്ഞു, ഒരു കുട്ടി മതിയെന്ന നിലപാടും കാരണം

Share our post

ആലപ്പുഴ: പോളിയോ നിർമാർജനയത്നത്തിന്റെ ഭാഗമായി തുള്ളിമരുന്ന് ആവശ്യമായ കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് ഓരോവർഷവും കുറയുന്നു. 10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായത്. ജനനനിരക്കിലെ ഇടിവാണു കാരണം. 2016-ൽ അഞ്ചുവയസ്സിൽ താഴെയുള്ള 26 ലക്ഷം കുട്ടികളെയാണ് വാക്സിനേഷനു പരിഗണിച്ചത്. എന്നാൽ, ഇത്തവണ അത് 19.8 ലക്ഷമായി കുറഞ്ഞു. 2018 മുതലാണ് കുറവു പ്രകടമായത്.

വാക്സിനേഷന് ആരോഗ്യവകുപ്പു പരിഗണിക്കുന്ന കുട്ടികളിൽ 88-96 ശതമാനം പേർ ഒറ്റദിവസം തുള്ളിമരുന്നു സ്വീകരിക്കാറുണ്ട്. ബാക്കിയുള്ളവർ തൊട്ടടുത്ത ദിവസങ്ങളിലും സ്വീകരിക്കുകയാണു പതിവ്.

ഒരുകുട്ടിമതിയെന്ന നിലപാട്

പുതുതലമുറ ദമ്പതിമാരിൽ പലർക്കും ഒരു കുട്ടി മതിയെന്ന നിലപാടാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ചിലർ അതിനുപോലും തയ്യാറല്ല. വിവാഹം കഴിക്കാൻ താത്പര്യമില്ലാത്തവരുമുണ്ട്. വിദേശത്തു ജോലിക്കു പോകുന്നവർ അവിടെ സ്ഥിരതാമസമാക്കുന്നതും കുട്ടികൾ കുറയാൻ കാരണമാണ്.

30,000 ‘വയൽ’ വാക്സിൻ കുറച്ചു മതി

കുട്ടികൾ കുറഞ്ഞതോടെ വാക്സിനേഷനുള്ള സർക്കാരിന്റെ ബാധ്യതയും കുറഞ്ഞു. 2016-ൽ 26 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനായി 1.30 ലക്ഷം വയൽ വാക്സിനാണു വേണ്ടിവന്നത്. എന്നാലിപ്പോൾ ലക്ഷം വയൽ മതി. 30,000 വയലിന്റെ കുറവ്. ഒരു വയൽ വാക്സിൻ 18-20 കുട്ടികൾക്കു കൊടുക്കാം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!