മട്ടന്നൂർ-ഇരിട്ടി റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം

Share our post

ഇരിട്ടി : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡിന്റെ ഭാഗമായ ഇരിട്ടി-മട്ടന്നൂർ റോഡിൽ വർധിച്ചുവരുന്ന അപകടങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ ആറിന് രാവിലെ 10.30-ന് ഇരിട്ടി നഗരസഭാഹാളിൽ ഉന്നതതല യോഗം ചേരും. ഇരിട്ടി നഗരസഭ മുൻകൈയെടുത്താണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം തടയുന്നതിനുള്ള നിർദേശങ്ങൾ യോഗം ചർച്ചചെയ്യും. കൂത്തുപറമ്പ് എ.സി.പി.യും മോട്ടോർവാഹന വകുപ്പിലെ ഉന്നതരും ബസ് ഉടമ സംഘങ്ങളുടെ പ്രതിനിധികളും തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

കഴിഞ്ഞദിവസം കൂരൻമുക്കിൽ സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന അച്ഛനും മകനും ബസിടിച്ച് മരിച്ചിരുന്നു. ഇതേസ്ഥലത്ത് രണ്ടാഴ്ച മുൻപും അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. അപകടത്തെ തുടർന്ന് വലിയ ബഹുജനരോഷമുണ്ടായിരുന്നു. നാട്ടുകാർ മണിക്കൂറുകളോളം സ്വകാര്യബസുകൾ തടയുകയും ചെയ്തു. പോലീസും ജനപ്രതിനിധികളും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇരിട്ടിയിൽനിന്ന് രണ്ടും മൂന്നും മിനിറ്റിന്റെ വ്യത്യാസത്തിലാണ് കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും സ്വകാര്യബസുകൾ സർവീസ് നടത്തുന്നത്. ചില സർവീസുകൾ പുതിയ സ്റ്റാൻഡിൽനിന്ന് പുറപ്പെട്ടശേഷം പഴയ സ്റ്റാൻഡിൽ എത്താൻ മൂന്നും നാലും മിനിറ്റ് അധികമെടുക്കുന്നു. സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ഇതേ ഭാഗത്തേക്കുള്ള ബസ് പിന്നാലെ എത്തുമ്പോഴാണ് മത്സരഓട്ടവും അപകടങ്ങളും ഉണ്ടാകുന്നത്. പരമാവധി യാത്രക്കാരെ ബസിൽ കയറ്റാൻ ശ്രമിക്കുമ്പോഴാണ് സമയം അധികമെടുക്കുന്നത്. ഇതുമൂലമുണ്ടാവന്ന സമയനഷ്ടം നികത്താൻ അടുത്ത സ്റ്റോപ്പിലേക്ക് അതിവേഗത്തിലോടും. ഇതിനിടയിലാണ് ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാകുന്നത്.

പോലീസും മോട്ടോർ വാഹനവകുപ്പും സമയനിഷ്ടത ഉറപ്പാക്കുകയാണ് അപകടം തടയാൻ വേണ്ടത്. റോഡിൽ കിലോമീറ്റുകളോളം ഇറക്കമുള്ള പ്രദേശങ്ങളിൽ വേഗനിയന്ത്രണ സംവിധാനവും പ്രധാനമാണ്. ചെങ്കൽപ്പണകളിലേക്ക് പോകുന്ന ലോറികളുടെയും ടിപ്പർ ലോറികളുടെയും മരണപ്പാച്ചിലും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ശ്രദ്ധവെച്ചാൽ ഒഴിവാക്കാൻ പറ്റുന്ന അപകടങ്ങളിലാണ് പലപ്പോഴും ജീവൻ നഷ്ടമാകുന്നത്. വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധയും കാരണമുണ്ടായതാണ് ഈ മേഖലയിൽ ഉണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും.

കെ.എസ്.ടി.പി. റോഡിൽ ഇനിയും ചോരപ്പുഴ ഒഴുകാതിരിക്കാൻ കർശനമായ നിയന്ത്രണങ്ങളും നടപടികളും ആവശ്യമാണ്.

നാട്ടുകാർ പോലീസ് അസി. കമ്മിഷണർക്ക് നിവേദനം നൽകി

ഇരിട്ടി-മട്ടന്നൂർ കെ.എസ്.ടി.പി. റോഡിൽ അപകടം തുടർക്കഥയാവുമ്പോൾ ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ കൂത്തുപറമ്പ് അസി. പോലീസ് കമ്മിഷണർ സിബി ടോമിന് നിവേദനം നൽകി. കഴിഞ്ഞദിവസം രണ്ടുപേർ മരിക്കാനിടയായ അപകടം നടന്ന കൂരൻമുക്ക്-ഉളിയിൽ മേഖലയിൽനിന്ന് ആയിരത്തോളം പേരുടെ ഒപ്പ് ശേഖരിച്ചാണ് എ.സി.പി.ക്ക്‌ പരാതി നൽകിയത്. മത്സര ഓട്ടത്തിനെതിരേയും അനിയന്ത്രിത പാർക്കിങ്ങിനെതിരേയും ശക്തമായ നടപടി വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ അടുത്തദിവസം മേഖലയിലെ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർക്കുമെന്ന് എ.സിപി പറഞ്ഞു. പി.സി. ലത്തീഫ്, പി.പി. ഷബീർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

ഇവ സ്ഥിരം അപകടമേഖലകൾ

ഇരിട്ടി എം.ജി. കോളേജ് സ്റ്റോപ്പ് മുതൽ പുന്നാട് കുളം സ്റ്റോപ്പ് വരെ

ഉളിയിൽ ടൗൺ ഉൾപ്പെടുന്ന ഭാഗങ്ങൾ

നരയൻപാറ മുതൽ നാടുവനാട് റോഡ് കവല വരെയുള്ള ഭാഗങ്ങൾ

വളോര ഇറക്കത്തിലും ചാവശ്ശേരി ടൗൺ സ്റ്റോപ്പ് മുതൽ കളറോഡ് പാലം വരെയുള്ള ഭാഗങ്ങൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!