സൈബർ തട്ടിപ്പുകളുടെ ഹോട്ട് സ്പോട്ടായി കോഴിക്കോട്; ഒരുകോടി തട്ടിയ കേസിൽ പ്രതി കസ്റ്റഡിയിൽ
കോഴിക്കോട്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ രാമനാട്ടുകര സ്വദേശിക്കും ഭാര്യയ്ക്കും ഒരു കോടിയോളം രൂപ നഷ്ടപ്പെട്ട കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കാസർകോട് കുമ്പള അരീക്കാടി സ്വദേശിയായ അബ്ദുൽ റംഷീദിനെയാണ് വിശദമായ ചോദ്യംചെയ്യലിനായി കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് കോടതി അനുമതിയോടെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
വിവിധ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പരാതിക്കാരനെ ബന്ധപ്പെട്ട്, പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിച്ച് ഓൺലൈൻ ഷെയർ മാർക്കറ്റ് പ്ലാറ്റ് ഫോമുകളിൽ നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്.
ഒരുകോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യിച്ച് തട്ടിയെടുത്ത കേസിൽ, പ്രതി തട്ടിപ്പ് ശൃംഖലയിലെ പ്രധാന കണ്ണിയായി പ്രവർത്തിച്ചുവെന്നാണ് കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ പങ്കാളിത്തം വ്യക്തമായിരുന്നു. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രതിയെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും പരിശോധനയിൽ ഇയാളുടെ കൈവശം സ്വർണം കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളുടെ പങ്കാളിത്തം, പണം കൈമാറ്റം ചെയ്ത ശൃംഖല, ഡിജിറ്റൽ തെളിവുകൾ, മറ്റ് ബാങ്ക് അക്കൗണ്ടുകളുടെ ഉപയോഗം എന്നിവ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘടിത സൈബർ സാമ്പത്തിക തട്ടിപ്പ് ശൃംഖലയുമായുള്ള പ്രതിയുടെ ബന്ധം, തട്ടിപ്പിലൂടെ സമാഹരിക്കുന്ന പണം സ്വർണക്കടത്ത് ഉൾപ്പെടെയുള്ള അനധികൃത പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ കറൻസി ട്രേഡിങ്ങിനും എങ്ങനെ വിനിയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളിലെല്ലാം ചോദ്യംചെയ്യലുണ്ടാകും.
കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ഐ.പി.എസ്.ന്റെയും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പദം സിങ് ഐ.പി.എസ്.ന്റെയും സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസി. കമ്മിഷണർ പ്രദീപ് കുമാർ എസ്.എം.ന്റെയും മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീദാസൻ എം.വി യാണ് കേസന്വേഷണം നടത്തുന്നത്.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശേരി, കാക്കൂർ മേഖലകളിൽ മ്യുൾ അക്കൗണ്ടുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ്, ഹവാല ഇടപാടുകൾ ക്രിപ്റ്റോ കറൻസി ഇടപാടുകൾ എന്നിവ നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ എല്ലാം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു.
സംസ്ഥാനത്തെ ഹവാല ഇടപാടുകാർ സമാന്തര സമ്പദ് വ്യവസ്ഥ തന്നെ രൂപവത്കരിച്ച് പ്രവർത്തിക്കുന്നതായും വ്യാപകമായി ഇത്തരത്തിൽ ഇടപാടുകൾ നടത്തുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശേരി, കാക്കൂർ, കൈതപ്പൊയിൽ വേഞ്ചേരി, ഭാഗങ്ങൾ സൈബർ തട്ടിപ്പുകാരുടെ ഹോട്ട് സ്പോട്ട് ആയി മാറിയിട്ടുള്ളതായും ആഭ്യന്തര വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള പണം മയക്കുമരുന്ന് കടത്ത്, രാജ്യദ്രോഹ പ്രവർത്തനങ്ങൾ, ഭീകരപ്രവർത്തനങ്ങൾ എന്നിവക്കായി ഉപയോഗിക്കുന്നതായി സൂചനയുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ കേസുകൾ എല്ലാം കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.
