ഇന്ത്യയ്ക്ക് ആശ്വാസം: രണ്ട് എൽപിജി കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ പാചകവാതക വിതരണ ശൃംഖലയ്ക്ക് ആശ്വാസമായി കൂടുതൽ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു. ഇന്ത്യൻ പതാക വഹിക്കുന്ന ബിഡബ്ല്യു ടൈർ, ബിഡബ്ല്യു ഇഎൽഎം എന്നീ രണ്ട് എൽപിജി കപ്പലുകൾ കൂടി സംഘർഷഭരിതമായ ഹോർമുസ് കടലിടുക്ക് കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആകെ 94,000 ടൺ എൽപിജി വഹിക്കുന്ന ഈ രണ്ട് കപ്പലുകളും വരും ദിവസങ്ങളിൽ ഇന്ത്യൻ തീരത്തെത്തും. ‘ബിഡബ്ല്യു ടൈർ’ മാർച്ച് 31-ന് മുംബൈയിലും, ‘ബിഡബ്ല്യു ഇഎൽഎം’ ഏപ്രിൽ ഒന്നിന് മംഗലാപുരം തുറമുഖത്തും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാനും അമേരിക്ക-ഇസ്രയേൽ സഖ്യവും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണമായും തടസപ്പെട്ടിരുന്നു. എന്നാൽ ശത്രുതാപരമായ നിലപാടില്ലാത്ത കപ്പലുകളെ കടത്തിവിടാമെന്ന ഇറാന്റെ തീരുമാനമാണ് ഇന്ത്യൻ കപ്പലുകൾക്ക് തുണയായത്. നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി തീരത്തെത്തിയിരുന്നു. ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിലായാണ് ഇവ എത്തിയത്. കൂടാതെ യുഎഇയിൽ നിന്ന് ക്രൂഡ് ഓയിലുമായി വന്ന ‘ജഗ് ലാഡ്കി’ എന്ന കപ്പലും കഴിഞ്ഞ ദിവസം മുന്ദ്രയിലെത്തി.
