ചർച്ചയ്ക്ക് തയ്യാറെന്ന് പരസ്യമായി പറയുന്നു, രഹസ്യമായി കരയുദ്ധം ആസൂത്രണം ചെയ്യുന്നു- യുഎസിനെതിരേ ഇറാൻ
ടെഹ്റാൻ: അമേരിക്കയ്ക്കെതിരേ അതിരൂക്ഷ വിമർശനവുമായി ഇറാന്റെ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഘർ ഘലിബാഫ്. ചർച്ചയ്ക്ക് തയ്യാറാണെന്ന് പരസ്യമായി പറയുകയും അതിനിടെ രഹസ്യമായി കരയുദ്ധത്തിന് കോപ്പുകൂട്ടുകയുമാണ് അമേരിക്ക ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഇറാനെതിരേ അമേരിക്ക കരയുദ്ധത്തിനൊരുങ്ങുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
അമേരിക്ക ചർച്ചകൾക്ക് പരസ്യമായി സന്ദേശം അയക്കുകയും രഹസ്യമായി കരയുദ്ധം ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. കരയുദ്ധത്തിനെത്തുന്ന അമേരിക്കൻ സൈനികരെ തീകൊളുത്താൻ കാത്തിരിക്കുകയാണ് ഞങ്ങളുടെ സൈനികരെന്ന് ഘലിബാഫ് പറഞ്ഞതായി ഇറാനിയൻ ന്യൂസ് ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ഇറാനെതിരായ സൈനിക നടപടിക്ക് അമേരിക്കയെ സഹായിക്കുന്ന പക്ഷം മേഖലയിലെ യുഎസ് സഖ്യകക്ഷികൾ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിൽ ആഴ്ചകൾ നീളുന്ന കരയുദ്ധത്തിന് പെന്റഗൺ തയ്യാറെടുക്കുന്നതായി യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. ഫെബ്രുവരി 28-ാം തീയതി ആരംഭിച്ച യുഎസ്, ഇസ്രയേൽ- ഇറാൻ യുദ്ധം രണ്ടാംമാസത്തിലും ശമനമില്ലാതെ തുടരുകയാണ്.
