‘ആറരവർഷം കഴിഞ്ഞിട്ടും രാജി സ്വീകരിക്കുന്നില്ല; ഇത് പീഡനം’: കേന്ദ്രസർക്കാരിനെതിരെ കണ്ണൻ ഗോപിനാഥൻ
ന്യൂഡൽഹി: സിവിൽ സർവീസ് ഉപേക്ഷിച്ച് ആറരവർഷം കഴിഞ്ഞിട്ടും തന്റെ രാജി സ്വീകരിക്കാത്തതിനെതിരെ കേന്ദ്രസർക്കാരിനെതിരെ തുറന്നടിച്ച് മുൻ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ കണ്ണൻ ഗോപിനാഥൻ. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇത് തടസ്സമായെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പാലക്കാട് സീറ്റിൽ കോൺഗ്രസ് കണ്ണനെ പരിഗണിച്ചിരുന്നെങ്കിലും രാജി സ്വീകരിക്കാത്തതിനാൽ മത്സരിക്കാനായില്ല. 2019ൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെയാണ് അഭിപ്രായസ്വാതന്ത്ര്യ വിലക്ക് ചൂണ്ടിക്കാട്ടി കണ്ണൻ രാജിക്കത്ത് നൽകിയത്. രാജി നൽകുമ്പോൾ ദാദ്ര–നഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
രാജി കേന്ദ്രം അംഗീകരിക്കാത്തതിനാൽ പ്രഫഷനലി തനിക്ക് മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നും ഇതു പീഡനമാണെന്നും കണ്ണൻ പറഞ്ഞു. സിവിൽ സർവീസിൽ നിന്ന് രാജിവച്ച ശേഷം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിലടക്കം കണ്ണൻ സജീവ സാന്നിധ്യമായിരുന്നു. ഇതിന്റെ പേരിൽ പലയിടത്തും പൊലീസ് നടപടിയും നേരിട്ടു. ജോലിയിൽ തിരികെ പ്രവേശിക്കാൻ ആവശ്യപ്പെട്ടുള്ള കേന്ദ്ര ഉത്തരവ് നിരസിച്ചതിനും കേസുണ്ട്.
സർവീസിലിരിക്കെ കേരളത്തിൽ പ്രളയകാലത്തു നടത്തിയ സേവനം മുൻനിർത്തിയും കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചിട്ടുണ്ട്. അന്നത്തെ ദാദ്ര – നഗർ ഹവേലി അഡ്മിനിസ്ട്രേറ്ററും ഗുജറാത്തിൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായിരുന്ന പ്രഫുൽ ഘോഡാഭായ് പട്ടേലുമായുള്ള അഭിപ്രായ വ്യത്യാസവും രാജിയിലേക്ക് നയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
