എം.കെ. മുനീറിന് വീട് നഷ്ടമാവില്ല; പാർട്ടി കൂടെയുണ്ടാവുമെന്ന് ലീഗ് നേതാക്കൾ

Share our post

കോഴിക്കോട്: ഡോ. എം.കെ. മുനീറിന്റെ വീട് ജപ്തിചെയ്യില്ലെന്നും പാർട്ടി കൂടെയുണ്ടാവുമെന്നും മുസ്ലിം ലീഗ് നേതാക്കൾ. ജപ്തി ഒഴിവാക്കാനുള്ള ഇടപെടൽ നേതൃത്വം നടത്തിയിട്ടുണ്ട്. ജപ്തിഭീഷണി വാർത്ത വന്നതിനു പിന്നാലെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു.

ജപ്തിനോട്ടീസ് സാങ്കേതിക നടപടിക്രമം മാത്രമാണെന്നും അത് മുനീറിന്റെ മാത്രമല്ല, മുസ്ലിംലീഗുകാരുടെ വീടാണെന്നും കോഴിക്കോട് സൗത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയും മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയുമായ വി.കെ. ഫൈസൽ ബാബു പറഞ്ഞു. ആ വീട് നഷ്ടമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് ഉള്ള കാലത്തോളം ഒരിക്കലും മുനീർ അനാഥമാവില്ലെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയായ സി.കെ. സുബൈർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിലും വലിയ പ്രതിസന്ധി നിമിഷനേരംകൊണ്ട് കൈകാര്യംചെയ്യാനുള്ള നേതൃത്വത്തിന്റെ മിടുക്ക് കേരളീയസമൂഹം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സി.എച്ച്. മുഹമ്മദ്‌കോയയുടെ വീട് എന്ന നിലയിൽ മുസ്ലിം ലീഗുകാർക്ക് വൈകാരികമായി അടുപ്പമുള്ള വീടാണ് നടക്കാവിലെ ക്രസന്റ് ഹൗസ്. ലീഗിന്റെ ആസ്ഥാനംപോലെ പ്രവർത്തിച്ച വീടാണ്. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണബാങ്കിൽ 58 ലക്ഷം രൂപയുടെ ബാധ്യതയാണ് മുനീറിനുള്ളത്. ഈ വീടിന്റെ നവീകരണത്തിനുവേണ്ടി 10 വർഷം മുൻപെടുത്ത വായ്പയാണ് ജപ്തിയിൽ എത്തിനിൽക്കുന്നത്. ജാഫർഖാൻ കോളനിയിൽ മുനീറിന് സ്വന്തമായി വീടുണ്ടായിരുന്നെങ്കിലും അത് കടബാധ്യതമൂലം വിൽക്കുകയായിരുന്നു. അതിനുശേഷമാണ് നടക്കാവിലെ വീട്ടിലേക്ക് മാറിയത്.

വ്യക്തിപരമായ വിഷയമാണ്, പരിഹരിക്കേണ്ടത് ഞാനാണ് -എം.കെ. മുനീർ

ജപ്തി തന്റെ വ്യക്തിപരമായ വിഷയമാണെന്നും അത് പരിഹരിക്കേണ്ടത് താനാണെന്നും എം.കെ. മുനീർ മാധ്യമങ്ങളോട് പറഞ്ഞു.  ”പാർട്ടിയേ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട ആവശ്യമില്ല. നേതാക്കൾ വിളിച്ചിരുന്നു. പക്ഷേ, സഹായിക്കാൻ പറഞ്ഞിട്ടില്ല. അങ്ങനെ ചോദിക്കാൻ പാടില്ലല്ലോ. എങ്ങനെയെങ്കിലും ശരിയാക്കാൻപറ്റുമോ എന്നുനോക്കട്ടെ. വീട് നവീകരിക്കാൻവേണ്ടിയെടുത്ത വായ്പയാണ്. പതുക്കെ അടയ്ക്കാമെന്ന ധാരണയുണ്ടായിരുന്നു. അത് നടന്നില്ല. മറ്റൊരു വീട് വിറ്റതിന്റെ പണവും അടച്ചു. ബാങ്ക് പരമാവധി സമയം നീട്ടിതന്നിട്ടുണ്ട്”-മുനീർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!