കണ്ണൂരിൽ വിജയപ്രതീക്ഷ പങ്കുവച്ച് ടി.ഒ. മോഹനൻ
കണ്ണൂർ: വിജയപ്രതീക്ഷ പങ്കുവച്ച് കണ്ണൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ടി.ഒ. മോഹനൻ. കെ. സുധാകരൻ മത്സരരംഗത്തുണ്ടാകില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെയാണ് കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ കൂടിയായ ടി.ഒ. മോഹനന് നറുക്കുവീണത്.
കെ. സുധാകരൻ എന്റെയും നേതാവാണ്, അദ്ദേഹം മുന്നിൽ നിന്ന് നയിക്കും, ഞങ്ങൾ അദ്ദേഹത്തിന് പിന്നിൽ അണിനിരക്കും, സ്ഥാനാർഥി നിർണയ വേളയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്, എന്നാൽ ഹൈക്കമാൻഡ് തീരുമാനം വന്നതോടെ എല്ലാം പഴയതുപോലെയായി എന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ തന്റെ പ്രധാന പ്രവർത്തനമേഖലയാണെന്നും അതിനാൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചാരണത്തിന് ഇത്തിരി സമയം വൈകിയെങ്കിലും അത് വിജയത്തെ ബാധിക്കില്ലെന്നും വേഗത്തിൽ വോട്ടർമാരിലേക്ക് എത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെയാണ് സുധാകരനും അടൂർ പ്രകാശും പിന്മാറിയത്.
