കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ബെന്നി ബെഹനാന്? ഡിസിസി അധ്യക്ഷ പദവികളിലും മാറ്റം വരും

Share our post

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ബെന്നി ബഹനാന് നല്‍കിയേക്കുമെന്ന് സൂചന. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്നതിന്റെ ഭാഗമായാണ് ചുമതല മറ്റൊരാള്‍ക്ക് കൈമാറുന്നത്. താല്‍ക്കാലിക ചുമതലയിലേക്ക് കൊടിക്കുന്നില്‍ സുരേഷിന്റെ പേരും പരിഗണിക്കുന്നുണ്ട്. മത്സരിക്കുന്ന ഡിസിസി അധ്യക്ഷന്മാരുടെ ചുമതലകളിലും മാറ്റം വരും. കോഴിക്കോട്, മലപ്പുറം, പാലക്കാട് ഡിസിസി അധ്യക്ഷ പദവികളിലും താല്‍ക്കാലിക ചുമതല ഉണ്ടാകും.

കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേശ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍ നിന്നാണ് ജനവിധി തേടുന്നത്.

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പളളിയുടെ പേര് ആദ്യഘട്ട പട്ടികയില്‍ നിന്ന് ഒഴിവാക്കി. കെ സുധാകരനും അടൂര്‍ പ്രകാശുമുള്‍പ്പെടെ മത്സരിക്കാനുളള താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാരുടെ പേരും ആദ്യഘട്ട പട്ടികയിലില്ല. ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കണ്ണൂര്‍, കോന്നി സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. തൃത്താലയില്‍ വി ടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥി.

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!