കെ-ടെറ്റ് ഇളവുകളും 1857 പുതിയ അധ്യാപക തസ്തികകളും: കേരള വിദ്യാഭ്യാസ വകുപ്പിന്റെ സുപ്രധാന പ്രഖ്യാപനം

Share our post

തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് ഇതുവരെ നൽകിയ ഇളവുകൾക്കുപുറമെ മറ്റ് ഇളവുകൾ കൂടി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്. സുപ്രീംകോടതിയിൽ കെ-ടെറ്റുമായി ബന്ധപ്പെട്ട് സർക്കാർ ഫയൽ ചെയ്തിട്ടുള്ള റിവ്യൂ പെറ്റീഷന്റെ അന്തിമ വിധിന്യായത്തിനു വിധേയമായാണ് അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകുവാൻ തീരുമാനിച്ചത്.

ഇളവുകൾ 
കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി സർവീസിൽ തുടരുന്നതും, 2025 സെപ്റ്റംബർ ഒന്നിന് മുൻപ് പ്രൊമോഷൻ/ ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് അവർ അതത് കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യത 2025 സെപ്തംബർ 1 മുതൽ 2 വർഷത്തിനകം നേടണമെന്ന നിബന്ധനയിൽ താൽകാലിക പ്രൊമോഷൻ/ബൈട്രാൻസ്ഫർ നിയമനം നൽകുന്നതാണ്.

അതത് കാറ്റഗറിയിൽ കെ-ടെറ്റ് ഉള്ളവർക്ക് സ്ഥിരമായി പ്രൊമോഷൻ നൽകാവുന്നതാണ്. ഹയർസെക്കന്ററി വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്/ലാബ് അസിസ്റ്റന്റ് എന്നിവർക്ക് നിശ്ചിത കെ-ടെറ്റ് യോഗ്യത ആവശ്യമില്ലാത്തതിനാൽ അവർക്ക് എച്ച്.എസ്.എസ്.റ്റി / എച്ച്.എസ്.എസ്.റ്റി. ജൂനിയർ യോഗ്യതയുള്ള പക്ഷം ബൈട്രാൻസ്ഫർ പ്രൊമോഷന് പരിഗണിക്കാവുന്നതാണ്.

യോഗ്യത സംബന്ധിച്ച് സുപ്രീംകോടതിയുടെ ഉത്തരവ് വരുന്നതിനും വളരെ മുൻപുതന്നെ സർവീസിലുള്ള അധ്യാപകർക്ക് യോഗ്യത നേടുന്നതിനായി സർക്കാർ 2024, 2025, 2026 എന്നീ വർഷങ്ങളിൽ പ്രത്യേക പരീക്ഷകൾ നടത്തിയിരുന്നു.

വർഷത്തിൽ 2 പരീക്ഷ എന്ന തോതിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സർവീസിലുള്ള ഒരു അധ്യാപകനും ജോലി നഷ്ടപ്പെട്ടു പുറത്തുപോകരുത് എന്നാണ് സർക്കാർ നയം എന്നും മന്ത്രി വ്യക്തമാക്കി.

യു.ഐ.ഡി.യ്ക്ക് കൂടുതൽ ഇളവുകൾ
നടപ്പ് അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനത്തിൽ പ്രവേശനം നേടിയ എന്റോൾമെന്റ്‌ ഐഡന്റിഫിക്കേഷൻ നമ്പർ (ഇ.ഐ.ഡി.) മാത്രം ലഭ്യമായുള്ളതും 2025 ജൂലൈ 14 വരെ വാലിഡ് യു.ഐ.ഡി സമർപ്പിച്ചിട്ടുള്ള കുട്ടികളെയും കൂടി തസ്തിക നിർണയത്തിന് പരിഗണിക്കാമെന്ന് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൂടുതൽ അധ്യാപകരെ സർവീസിൽ നിലനിർത്തുന്നതിനായി അധ്യാപകരുടെ ആവശ്യം കൂടി പരിഗണിച്ച് 2026 ആഗസ്റ്റ് 20 വരെ വാലിഡ് യു.ഐ.ഡി സമർപ്പിച്ചിട്ടുള്ള കുട്ടികളെയുംകൂടി തസ്തിക നിർണയത്തിന് പരിഗണിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്. 

ഇവിടെയും ചട്ടങ്ങളിൽ ഇളവ് നൽകി അധ്യാപകരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു.

2015-16 അധ്യയന വർഷംമുതലുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കൽ 
എയ്ഡഡ് സ്‌കൂളുകളിൽ നിലവിൽ നിയമനാംഗീകാരത്തോടെ 2015 മാർച്ച് 31 വരെ സേവനത്തിലുള്ളവർക്ക് കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ അവർക്ക് സംരക്ഷണ ആനുകൂല്യം നൽകി അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി സംരക്ഷണം നൽകിയിരുന്നു. എന്നാൽ 2015 മാർച്ച് 31 ന് ശേഷം നിയമിക്കപ്പെട്ടവർക്ക് ഈ ആനുകൂല്യം നൽകുന്നില്ല. അതിനാൽ കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ സാമ്പത്തികാനുകൂല്യം ഇല്ലാതെ അവർ പുറത്താകുന്ന സാഹചര്യം ആണുള്ളത്. ഈ ആനുകൂല്യം 2015 ജൂൺ 1 മുതൽ 2022 മാർച്ച് 31 വരെ ദീർഘിപ്പിക്കുന്നതിനാണ് മന്ത്രിസഭാ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുന്നതാണ്. ഇതിന്റെ ആനുകൂല്യം ഇപ്പോൾ സർവീസിന് പുറത്തു നിൽക്കുന്ന 242 അധ്യാപകർക്ക് പ്രത്യക്ഷത്തിലും (അവർക്കു സർവീസിൽ തിരികെ പ്രവേശിക്കാവുന്നതാണ്) 30,000-ത്തോളം വരുന്ന അധ്യാപകർക്ക് പരോക്ഷമായും ലഭിക്കുന്നു. ഈ തീരുമാനത്തിലൂടെ അധ്യാപകരുടെ ജോലി സുരക്ഷയും സംതൃപ്ത സേവനവുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

2025-26 അധ്യയന വർഷത്തെ സ്‌കൂൾ തസ്തിക നിർണയം 
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ 2025-26 അധ്യയന വർഷത്തെ തസ്തിക നിർണയ നടപടികൾ സർക്കാർ പൂർത്തിയാക്കിയിരിക്കുകയാണ്.

തസ്തിക നിർണ്ണയ മാനദണ്ഡം 
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അധ്യായം 23, ചട്ടം 12 പ്രകാരം ഓരോ അധ്യയന വർഷത്തെയും ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ (ഡകഉ അടിസ്ഥാനത്തിൽ) അടിസ്ഥാനത്തിലാണ് തസ്തിക നിർണയം നടത്തുന്നത്. 2022 ഏപ്രിലിൽ കെ.ഇ.ആറിൽ വരുത്തിയ ഭേദഗതി പ്രകാരം, അധിക തസ്തികകൾ അനുവദിക്കുന്നതിനുള്ള ശുപാർശ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിലേക്ക് സമർപ്പിക്കുകയും സർക്കാർ അത് പരിശോധിച്ച് അംഗീകാരം നൽകുകയുമാണ് ചെയ്യുന്നത്.

അധിക തസ്തികകൾ സംബന്ധിച്ച തീരുമാനം 
2025-26 അധ്യയന വർഷത്തെ തസ്തിക നിർണയ പ്രകാരം സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലായി ആകെ 1857 അധിക അധ്യാപക-അനധ്യാപക തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഇനി പറയുന്നവയാണ്:
സർക്കാർ സ്‌കൂളുകളിൽ: 665 അധിക തസ്തികകൾ.
എയ്ഡഡ് സ്‌കൂളുകളിൽ 1202 അധിക തസ്തികകൾ.
ആകെ: 1857 തസ്തികകൾ.

പി.എസ്.സി റിപ്പോർട്ടിംഗ്: 
പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ അധ്യാപകരുടെ പുനർവിന്യാസ നടപടികൾ ആരംഭിക്കും. പുനർവിന്യാസം പൂർത്തിയായാൽ മാത്രമേ കൃത്യമായി എത്ര ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുമെന്ന് പറയാനാകൂ. എങ്കിലും, പ്രാഥമിക കണക്കുകൾ പ്രകാരം 500-ഓളം തസ്തികകൾ ഉടനടി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2025-26 അധ്യയന വർഷത്തിൽ നടത്തിയ തസ്തികനിർണയ പ്രകാരം, പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശുപാർശ അനുസരിച്ചു സർക്കാർ സ്‌കൂളുകളിൽ 665 അധിക തസ്തികകളും, എയ്ഡഡ് സ്‌കൂളുകളിൽ 1202 അധിക തസ്തികകളും ഉൾപ്പെടെ 1857 അധ്യാപക-അനധ്യാപക അധിക തസ്തികകൾ 2025 ഒക്ടോബർ 1 ന് പ്രാബല്യത്തിൽ, ധനകാര്യ വകുപ്പ് ശുപാർശ ചെയ്തിട്ടുള്ള വ്യവസ്ഥകളും, 2024-25 വർഷം തസ്തിക അനുവദിച്ചപ്പോൾ ഉൾപ്പെടുത്തിയ വ്യവസ്ഥകളും ഉൾപ്പെടുത്തി പൊതുവിദ്യാലയങ്ങളിലെ അധ്യാപക, അനധ്യാപക തസ്തികകൾ ഒരു അധ്യയന വർഷത്തേക്കാണ് അനുവദിക്കുന്നത്.

അതുകൊണ്ടു തന്നെ കെ.ഇ.ആർ അധ്യായം ഇരുപത്തി മൂന്ന് ചട്ടം 12 പ്രകാരം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ, ഓരോ അധ്യയന വർഷത്തെയും ആറാം പ്രവൃത്തി ദിനത്തിൽ യുഐഡി ഉള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തുവാനും തസ്തികകൾ അനുവദിക്കുവാനും ചട്ട പ്രകാരം സർക്കാർ ബാധ്യസ്ഥമാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമായതിനാൽ, അധ്യാപകരെ അധ്യയനത്തിനായി നിയമിക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.

തസ്തികനിർണയം നടത്താൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാൽ മുൻ വർഷത്തെ തസ്തികനിർണയം തന്നെ തുടർവർഷങ്ങളിൽ ബാധകമാക്കുവാനും ചട്ടത്തിൽ വ്യവസ്ഥയുണ്ട്. കഴിഞ്ഞ അധ്യയന വർഷങ്ങളിലെല്ലാം തന്നെ മുകളിൽ പറഞ്ഞിട്ടുള്ള സാഹചര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നടപ്പിലാക്കി വരുന്നുണ്ട്. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അധ്യായം ഇരുപത്തി മൂന്ന് ചട്ടം 12 പ്രകാരം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ, ഓരോ അധ്യയന വർഷത്തെയും ആറാം പ്രവൃത്തി ദിവസത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തികനിർണയം നടത്തുന്നത്. കെ.ഇ.ആർ. അധ്യായം ഇരുപത്തി മൂന്ന് ചട്ടം പന്ത്രണ്ടിൽ ആറ് പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്യുന്ന അധിക തസ്തികകൾക്ക് അനുമതി നൽകുന്നത് സർക്കാർ ആണ്. അധിക തസ്തികകളുടെ പ്രാബല്യ തീയതി അതത് അക്കാദമിക വർഷം ഒക്ടോബർ 1 മുതലാണ്.

പരിഷ്‌കരിച്ച കേരള എഡ്യൂക്കേഷൻ റൂൾസ് 
2026 ഫെബ്രുവരി വരെ നടത്തിയ ഭേദഗതികൾ ഉൾപ്പെടുത്തിക്കൊണ്ട് കേരള എഡ്യൂക്കേഷൻ റൂൾസിന്റെ (കെ.ഇ.ആർ) പരിഷ്‌കരിച്ച പതിപ്പ് പബ്ലിഷ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ കരട് അംഗീകരിച്ചു നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം പ്രിന്റ് ചെയ്തു പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടായിരത്തി പത്തിനു ശേഷം ആദ്യമായണ് പരിഷ്‌കരിച്ച കെ.ഇ.ആർ പുറത്തിറക്കുന്നത്. ഒപ്പം കെ.ഇ.ആർ ന്റെ മലയാള പതിപ്പും പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

വയനാട് സ്പീച്ച് ആന്റ് ഹിയറിംഗ് സ്‌കൂൾ 
വയനാട് സെന്റ് റെസ്സല്ലോസ് സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച്.എസ്.എസ്.ൽ രണ്ടായിരത്തി ഇരുപത്തിയാറ്- ഇരുപത്തിയേഴ് അദ്ധ്യയന വർഷം മുതൽ എച്ച്.എസ്.എസ്.റ്റി. ഫിസിക്സ്, കെമിസ്ട്രി, ഗണിതം, കമ്പ്യൂട്ടർ സയൻസ്, ജൂനിയർ മലയാളം, ജൂനിയർ ഇംഗ്ലീഷ്, ലാബ് അസിസ്റ്റന്റ് എന്നീ ഏഴ് തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഈ തസ്തികകളിൽ സ്ഥിരനിയമനം നടത്തുന്നതിന് മാനേജർക്ക് അനുമതി നൽകി. കേൾവി – സംസാര പരിമിതിയുള്ള കുട്ടികൾക്കായുള്ള ജില്ലയിലെ ഏക ഹയർ സെക്കണ്ടറി സ്‌കൂളാണിത്. ഈ സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളും എസ്.സി.-എസ്.റ്റി. വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലുംപെട്ടവരാണ്. 2014-15 അധ്യയന വർഷം മുതൽ കമ്പ്യൂട്ടർ സയൻസ് ബാച്ച് അനുവദിച്ചിരുന്നു. ആ വർഷം മുതൽ ദിവസ വേതന അടിസ്ഥാനത്തിലാണ് അധ്യാപകർ ജോലി ചെയ്തിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!