പാചക വാതക ക്ഷാമം; ദുരിതത്തിൽ കാറ്ററിംഗ് മേഖല
തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന ഒരു വിവാഹ ചടങ്ങിന് കാറ്ററിംഗ് കരാർ ഏറ്റെടുത്തിരിക്കുകയാണ് തിരുവനന്തപുരത്ത് ക്യാറ്ററിംഗ് സ്ഥാപനം നടത്തുന്ന രാജി ഗോപാലകൃഷ്ണൻ. എന്നാൽ എങ്ങനെ അത് നടത്തും എന്ന ചോദ്യമാണ് അവരെ ഇപ്പോൾ അലട്ടുന്നത്. തിരുവനന്തപുരത്ത് ആനന്തം ഹോം കാറ്റരേഴ്സ് എന്ന സ്ഥാപനം അര നൂറ്റാണ്ടായി നടത്തുന്ന രാജി ഗോപാലകൃഷ്ണനും ഇനിയെന്ത് എന്ന അവസ്ഥയിലാണ്
നിലവിലെ പാചക സിലണ്ടർ കൊണ്ട് ഒരു പക്ഷെ ഞായറാഴ്ചത്തെ കാര്യം പൂർത്തീകരിക്കാം. എന്നാൽ അതിന് ശേഷമോ?. പണി നിർത്തുക തന്നെയാണ് ഏക പോംവഴി. ഭാഗ്യത്തിന്, അടുത്ത വിവാഹ ചടങ്ങ് അൽപം കഴിഞ്ഞാണ്.ബിരിയാണിയും നെയ്ച്ചോറും വിറക് ഉപയോഗിച്ചു ണ്ടാക്കാം. എന്നാൽ ഒരു മുഴുവൻ സദ്യ ഇത്തരത്തിൽ പാചകം ചെയ്യുക ബുദ്ധിമുട്ടാണ്. ചെറിയ ബുക്കിംഗുകൾ പോലും വേണ്ടെന്ന് വയ്ക്കുകയാണ്-രാജി പറഞ്ഞു. അപ്പോഴും ബുദ്ധിമുട്ടനുഭവിക്കുന്ന പാവപ്പെട്ടവർക്ക് കഞ്ഞികൊടുക്കുന്നത് അവർ തുടരുന്നു. നന്ദൻകോടുള്ള രാജിയുടെ പാർസൽ കടയിൽ ചായയും സ്നാക്സും നൽകുന്നു. അതും അടുത്തുതന്നെ അവസാനിക്കും-അവർ പറഞ്ഞു.
പുതിയ ഓർഡറുകളൊന്നും സ്വീകരിക്കുന്നില്ലെന്ന് കെ ജി സുധാകരനെന്ന ക്യാറ്ററിംഗ് ജീവനക്കാരനും പറയുന്നു. പുതിയ ഓർഡർ എടുക്കുന്നില്ല. വിറകിലാണിപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. അപ്രതീക്ഷിതമായി പാചകവാതക ക്ഷാമമുണ്ടായതനിനാൽ ഒന്നും കരുതിവയ്ക്കാനായില്ല- തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനടുത്ത് അമ്മു ക്യാറ്ററിംഗ് സർവീസ് നടത്തുന്ന കെ ജി സുധാകരൻ വ്യക്തമാക്കി.
മാർച്ച് 20 ന് ഒരു വിവാഹചടങ്ങുണ്ട്. എന്നാൽ വിറകുവെച്ച് പാചകം ചെയ്യാനുള്ള ഒരു സൗകര്യവും ഇതുവരെ ശരിയായിട്ടില്ല. കല്യാണം നടക്കുന്നസ്ഥലത്ത് സൗകര്യമുണ്ടോ എന്നിനി അന്വേഷിക്കണം അല്ലെങ്കിൽ വിറകുപയോഗിച്ച് പാചകം ചെയ്യാൻ കഴിയുന്ന സ്ഥലം കണ്ടെത്തി അവിടെ നിന്ന് ഭക്ഷണം പാകം ചെയ്ത് കല്യാണം നടക്കുന്ന ഇടത്തേക്ക് കൊണ്ടുവരണം. ഓർഡർ എടുക്കാനാകാത്തിനാൽ ജോലി മുടങ്ങുന്നത് തൊഴിലാളികൾക്ക് ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയിലായിരിക്കുന്നു. ഈ രംഗത്ത് തൊഴിലെടുത്തിരുന്ന അതിഥി തൊഴിലാളികൾ ജോലി ഉപേക്ഷിച്ച് പോവുകയോ തിരിച്ച് നാട്ടിലേക്ക് പോവുകയോ ചെയ്തു. തിരിച്ചുവരുമ്പോഴും അവർക്ക് ജോലി അന്വേഷണം. പക്ഷെ, വേറെ മാർഗമില്ല- സുധാകരൻ പറഞ്ഞു
ചെെനീസ് ഭക്ഷ്യവിഭവങ്ങൾ , ബ്രെഡുകൾ എന്നിവയാണിപ്പോൾ പ്രധാനമായും ക്യാറ്ററിംഗിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊറോട്ട അപ്പം പത്തിരി എന്നിവയൊക്കെ നിർത്തിയിരിക്കുയാണ്. ഉപഭോക്താക്കളെ കാര്യം പറഞ്ഞുമനസിലാക്കാൻ കഴിഞ്ഞു- ദുരിത ജീവിതത്തെ കുറിച്ച് സുധാകരൻ പറഞ്ഞു.
