ആറളത്ത് സ്വകാര്യ സംരംഭകർക്കുള്ള വിലക്ക് മാറി; വരുന്നു ബൊട്ടാണിക്കൽ ഗാർഡൻ; യാഥാർഥ്യമാകുന്നു ‘സേക്രഡ് ഗാർഡൻ’

Share our post

ഇരിട്ടി∙ ആറളം ഫാമിൽ ഒടുവിൽ സ്വകാര്യസംരംഭകർക്കുള്ള വിലക്ക് നീങ്ങി. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പ്രഥമ പദ്ധതി ആധുനിക ബൊട്ടാണിക്കൽ ഗാർഡൻ ‘സേക്രഡ് ഗാർഡൻ’ പ്രവൃത്തി മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. ഫാമിൽ വൈവിധ്യവൽക്കരണത്തിലൂടെ തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനായി സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ അനിവാര്യമാണെന്ന നിലപാടിൽ ഫാം മാനേജ്മെന്റ് ഒരു വർഷം മുൻപ് പങ്കാളിത്ത കൃഷി പദ്ധതിക്ക് രൂപം നൽകുകയും ഏതാനും സംരംഭകരുമായി കരാർ ഒപ്പിടുകയും ചെയ്തിരുന്നു. ഇതിനെതിരെ ട്രേഡ് യൂണിയനുകളും ആദിവാസി സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു പ്രക്ഷോഭരംഗത്തിറങ്ങിയതിനെ തുടർന്നു വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം തുടർനടപടികൾ മരവിപ്പിച്ചിരുന്നു.

ആശങ്ക പ്രകടിപ്പിച്ച പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുമായി ഫാം മാനേജ്മെന്റ് തുടർച്ചയായി നടത്തിയ ചർച്ചകളിലൂടെ സംശയദൂരീകരണം വരുത്തി സംസ്ഥാന സർക്കാരിന്റെ നവോധാൻ പദ്ധതിയിൽ പെടുത്തിയാണ് സ്വകാര്യപങ്കാളിത്തത്തോടെ ഫാമിലും നവീകരണ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായത്. സ്വകാര്യ സംരംഭകരായ ഗുഡ് എർത്ത് ഗ്രൂപ്പിന്റെ മാലൂർ ഇക്കോ ഫാംസ്, ആറളം ഫാമിങ് കോർപറേഷൻ കേരള ലിമിറ്റ‍ഡുമായി സഹകരിച്ചാണ് 230 ഏക്കറിൽ ആധുനിക മാതൃകയിലുള്ള ബൊട്ടാണിക്കൽ ഗാർഡൻ സ്ഥാപിക്കുന്നത്. സംസ്ഥാനത്താകെ തരിശായി കിടക്കുന്നതും ഉപയോഗപ്പെടുത്താത്തതും ആയ ഭൂമിയിൽ കൃഷി ഇറക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള പദ്ധതിയാണ് ‘നവോധാൻ.’

കാർഷിക മേഖലയിൽ നിന്നുള്ള ഫാമിന്റെ വരുമാനത്തിൽ ഉണ്ടായ വലിയ ഇടിവും വന്യമൃഗ ശല്യവും കാരണം പുതുക്കൃഷി ലക്ഷ്യം കാണാതെ വന്നതോടെയാണു സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെയുള്ള പങ്കാളിത്ത കൃഷി രീതിയിലേക്കുള്ള മാറ്റം. നിശ്ചിത കാലത്തേക്ക് ഫാമിന്റെ ഭൂമി സ്വകാര്യ സംരംഭകർക്കു പാട്ടത്തിന് കൊടുത്തുകൊണ്ടാണ് നവോധാൻ പദ്ധതി പ്രകാരമുള്ള വൈവിധ്യവൽക്കരണം നടപ്പിലാക്കുന്നത്.

ആറളം ഫാമിനെ ജീവനോപധിയായി കണ്ട് ആദിവാസി പുനരധിവാസ മേഖലയിൽ ഉള്ളവർക്ക് കൂടുതൽ തൊഴിലവസരങ്ങളും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതോടൊപ്പം ഫാമിന്റെ വരുമാനം വർധിപ്പിക്കാനും പുതിയ പദ്ധതിയിലൂടെ സാധിക്കും. പങ്കാളിത്ത കൃഷിയിൽ ഹ്രസ്വകാല പദ്ധതികൾ നേരത്തേ നടപ്പിലാക്കിയെങ്കിലും ദീർഘകാല പദ്ധതി ഇപ്പോഴാണ് അനുവദിച്ചത്. 50 ഏക്കറിലും മറ്റൊരു സംരംഭകരുമായും ഫാം മാനേജ്മെന്റ് ധാരണയായിട്ടുണ്ട്. നിരവധി പേർ നവോധാൻ പ്രകാരം അപേക്ഷ നൽകിയവരും ഉണ്ട്.

ഇപ്പോൾ സർക്കാരിന്റെ കൈത്താങ്ങിൽ വർഷം തോറും ഗ്രാന്റ് വാങ്ങി പ്രവർത്തിക്കുന്ന രീതി മാറണമെന്നും ഫാമിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കി സ്വയം പര്യാപ്തതയിലേക്ക് മാറാൻ സാധിക്കുന്ന വിധമുള്ള പദ്ധതിയായി ഇതിനെ മാറ്റിയെടുക്കാൻ കഴിയണമെന്നും മന്ത്രി ഒ.ആർ.കേളു പറഞ്ഞു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യൻ, ആറളം ഫാമിംഗ് കോർപറേഷൻ മാനേജിങ് ഡയറക്ടർ എസ്.സുജീഷ്, തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി.നിതീഷ് കുമാർ, ഗുഡ് എർത്ത് ഡയറക്ടർ സ്റ്റാൻലി ജോർജ് എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!