വയൽ ചുവപ്പിച്ച് അഞ്ചേക്കറിൽ വ്ളാത്താങ്കര ചീര

Share our post

കണ്ണൂർ: ഏതൊരു പൂന്തോട്ടത്തെയും വെല്ലുന്ന അഴകുണ്ട് ഈ ചീരപ്പാടത്തിന്. അഞ്ചേക്കറിൽ വയലിന് തീപ്പിടിച്ചതുപോലെ ചുവന്നുതുടുത്ത്‌ നിൽക്കുകയാണ് ഇവിടെ വ്ലാത്താങ്കര ചീര. ഒരുദിവസം 250 കിലോ ഉത്പാദനം. ഒരുമാസം ഏഴായിരത്തോളം കിലോയുടെ വിളവെടുപ്പ്. മാങ്ങാട്ടിടത്തെ കുറുമ്പുക്കൽ വയലിനെ ചീരകൊണ്ട് ചെഞ്ചോപ്പണിയിക്കുന്നത് കെ.ജയപ്രകാശ് എന്ന മാതൃകാകർഷകനാണ്.

പുലർകാലം മുതൽ ഇരുൾവീഴും വരെ കൃഷിയെ ചേർത്തുപിടിച്ചുള്ളതാണ് കുറുമ്പുക്കൽ സന്നിധാനം വീട്ടിലെ 58-കാരനായ ജയപ്രകാശിന്റെ ജീവിതം. ശാസ്ത്രീയമായും അർപ്പണബോധത്തോടെയും ചെയ്താൽ സമൃദ്ധിയോടെ കൊയ്തെടുക്കാമെന്ന കൃഷിപാഠമാണ് ഈ കർഷകൻ പകർന്നുനൽകുന്നത്.

അരനൂറ്റാണ്ടോളം നീളുന്ന കാർഷികപാരമ്പര്യമുള്ള ഇദ്ദേഹം നാലു വർഷമായി വ്ലാത്താങ്കര ചീരക്കൃഷി ചെയ്യുന്നു. കടുംചുവപ്പിന്റെ അഴകിനൊപ്പം രോഗപ്രതിരോധശേഷിയും നല്ല വിളവുമുണ്ടെന്നതാണ് ഈ ഇനം തിരഞ്ഞെടുക്കാൻ കാരണം. മറ്റു പലയിനങ്ങളെയും അപേക്ഷിച്ച് ഇലപ്പുള്ളി രോഗം കുറവാണ്. തിരുവനന്തപുരത്തെ വ്ലാത്താങ്കരയിൽനിന്ന് കിലോയ്ക്ക് 3,000 രൂപ നൽകിയാണ് വിത്ത് സംഭരിക്കുന്നത്. തൈയിൽനിന്ന് വിത്തെടുക്കാൻ അധ്വാനവും സമയവും കൂടുതൽ വേണമെന്നതും കിട്ടുന്നതിന്റെ അളവ് കുറവാണെന്നതുമാണ് വിത്ത് വാങ്ങാൻ കാരണം. ഒരുകിലോ വിത്തുകൊണ്ട് 25 സെന്റിൽ കൃഷിയിറക്കാം. 20 കിലോ വിത്താണ് അഞ്ചേക്കറിലേക്ക് വാങ്ങുന്നത്.

നട്ട് 25 ദിവസത്തിനകം വില്പനയ്ക്ക് പാകമാകും. മാങ്ങാട്ടിടത്തെ അഗ്രി-ഔട്ട്‌ലറ്റുകളിലും കൂത്തുപറമ്പിലെ മാർക്കറ്റിലുമാണ് വില്പന. നിലവിൽ കിലോയ്ക്ക് 25 മുതൽ 28 രൂപ വരെ കിട്ടുന്നുണ്ട്. വിത്ത്, വളം, പരിപാലനച്ചെലവ് ഉൾപ്പെടെ ഒരുകിലോ ഉത്പാദിപ്പിക്കാൻ ശരാശരി 12 രൂപയാണ് ചെലവ്. ഒരുകിലോ വിറ്റാൽ 13-16 രൂപ വരുമാനം കിട്ടുമെന്നർഥം. നവംബർ മുതൽ ജൂൺ വരെ നീളുന്നതാണ് ജയപ്രകാശിന്റെ ചീരക്കൃഷി. ഒരുതവണ വിത്തിട്ടാൽ മൂന്നുമാസം വരെ വിളവെടുക്കാം. ഒരു തൈയിൽനിന്ന് നാലോ അഞ്ചോ തവണ വിളവ് കിട്ടും.

കൃഷിരീതി

മുക്കാൽ മീറ്റർ വീതിയുള്ള നീണ്ട കള്ളികളാക്കിയാണ് കൃഷി. പാടം കിളച്ച് അതിൽ കുമ്മായമിടുകയാണ് ആദ്യം ചെയ്യുന്നത്. രണ്ടാഴ്ച കഴിഞ്ഞ് കോഴിവളവും ചാണകപ്പൊടിയും അടിവളമായിട്ട് നന്നായി മണ്ണുമായി മിക്സ് ചെയ്ത ശേഷം വിത്തിടും. ഒരേക്കറിന് 500 കിലോ അടിവളമാണിടുക. മൂന്നില പ്രായമായാൽ അപ്പക്കാരവും പാൽക്കായവും മഞ്ഞപ്പൊടിയും വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യും. ഇലപ്പുള്ളി രോഗം വരാതിരിക്കാനാണിത്. ഒരുലിറ്റർ വെള്ളത്തിൽ 20 ഗ്രാം മഞ്ഞപ്പൊടിയും അഞ്ചുഗ്രാം വീതം അപ്പക്കാരവും പാൽക്കായവും ചേർത്താണ് സ്‌പ്രേ ചെയ്യേണ്ടത്. ഇത് പല തവണകളായി ചെയ്യും. 20:20:20 വളവും നൽകും. ദിവസവും ഒരുനേരം നനയ്ക്കും. ഇടയ്ക്ക് ജൈവവളവും നൽകും. പരിപാലനം കൃത്യമായതിനാൽ നന്നായി വിളവും മെച്ചപ്പെട്ട വരുമാനവും കിട്ടുന്നുണ്ടെന്ന് ജയപ്രകാശ് പറയുന്നു. കൃഷിവകുപ്പിനുവേണ്ടി പച്ചക്കറികളുടെയും കവുങ്ങിന്റെയും തൈകളുണ്ടാക്കിക്കൊടുക്കുന്നുമുണ്ട്. ഭാര്യ ഷീബ മുഴുവൻസമയവും മക്കളായ ജസിനും ജോണിമയും സമയം കിട്ടുമ്പോഴൊക്കെയും കൃഷി ചെയ്യാൻ കൂട്ടിനുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!