ഇവൻ ഇടുമ്പയുടെ സ്വന്തം ` പഞ്ച് `
ഇടുമ്പ (കണ്ണൂർ): പട്ടിയും കുരങ്ങും തമ്മിലുള്ള സൗഹൃദം പ്രകൃതിയിലെ തന്നെ ഏറ്റവും കൗതുകകരവും ഹൃദ്യവുമായ ഒന്നാണ്. സാധാരണഗതിയിൽ വ്യത്യസ്ത സ്വഭാവക്കാരാണെങ്കിലും, ഇവർക്കിടയിൽ വളരെ ആഴത്തിലുള്ള ബന്ധം ഉടലെടുക്കാറുണ്ട്. ഇങ്ങിനെയൊരു സൗഹൃദത്തിന്റെ കഥയാണ് കണ്ണൂരിലെ ഇടുമ്പ എന്ന കൊച്ചു ഗ്രാമത്തിന് പറയാനുള്ളത്. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിൽ അമ്മയുപേക്ഷിച്ച പഞ്ചിനെ പോലെ ഇടുമ്പയിലുമുണ്ടൊരു പഞ്ച്.
കഴിഞ്ഞ വർഷമാണ് ഇടുമ്പക്കാരുടെ അതിഥിയായി അമ്മയുപേക്ഷിച്ച കുട്ടിക്കുരങ്ങ് എത്തിയത്. ഏതാനും കടകൾ മാത്രമുള്ള വായനശാല പരിസരത്തെത്തിയ കുരങ്ങ് വളരെ പെട്ടെന്ന് തന്നെ പ്രദേശത്തെ തെരുവ് പട്ടികളുമായി ചങ്ങാത്തത്തിലായി. പട്ടികൾക്കൊപ്പം കളിക്കാനും കുസൃതി കാട്ടാനും തുടങ്ങിയതോടെയാണ് പ്രദേശവാസികൾ കുരങ്ങിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.
ആദ്യമാദ്യം കുന്നുമ്പ്രോൻ രാജുവേട്ടന്റെ കടയിലും പരിസരത്തും രാവിലെ മുതൽ കറങ്ങി നടക്കുന്ന കുരങ്ങ് സമീപത്തെ കൂടൻ പവിത്രനുമായി കൂട്ടുകൂടുകയായിരുന്നു. പവിത്രനും അമ്മ മാധവിക്കുമൊപ്പം പാടത്തും പറമ്പത്തും ഇവൻ സ്ഥിരം കാഴ്ചയായി.എത്ര ദൂരെയാണെങ്കിലും പവിത്രൻ വാ മോനേ എന്ന് നീട്ടി വിളിച്ചാൽ മതി, നിമിഷങ്ങൾക്കകം കുരങ്ങ് പവിത്രന്റെ വീട്ടുമുറ്റത്തെത്തും. നാട്ടിലെ ചില വീടിനുള്ളിലൊക്കെ കയറുമെങ്കിലും ഒന്നും നശിപ്പിക്കുകയൊന്നുമില്ലെന്ന് പവിത്രനും അമ്മ മാധവിയും പറയുന്നു.
അങ്ങിനെ നാട്ടുകാർക്കും പ്രദേശത്തെ തെരുവ് പട്ടികൾക്കുമൊപ്പം ഉല്ലസിച്ച് നടക്കുന്നതിനിടെയാണ് കൊച്ചു പഞ്ചിനെ പഞ്ചറാക്കാൻ പട്ടിപിടുത്തക്കാർ പ്രദേശത്തെത്തുന്നത്. പഞ്ചിന്റെ കൂട്ടുകാരായ മുഴുവൻ തെരുവ് പട്ടികളെയും വന്ധ്യംകരിക്കാൻ പിടിച്ചുകൊണ്ടുപോയി. അന്ന് വൈകിട്ടോടെ കളിയും കുസൃതിയുമുപേക്ഷിച്ച് വിഷാദനായി പഞ്ച് മരക്കൊമ്പിൽ തന്നെയിരുപ്പായി. പവിത്രൻ വിളിച്ചാൽ മരത്തിൽ നിന്നിറങ്ങി വരുമെങ്കിലും പലവിധ ആംഗ്യങ്ങളും കാണിച്ച് മരത്തിലേക്ക് തന്നെ തിരിച്ചു പോകും.
തെരുവ് പട്ടികളെകാണാതായതാണ് പഞ്ചിന്റെ വിഷാദത്തിന് കാരണമെന്ന് മനസിലാക്കിയ നാട്ടുകാർ അധികൃതരോട് കാര്യങ്ങൾ പറയുകയും വന്ധ്യംകരിച്ച അതേ തെരുവ് പട്ടികളെ ദിവസങ്ങൾക്ക് ശേഷം നാട്ടിൽ കൊണ്ടുവിടുകയും ചെയ്തു. കളിക്കൂട്ടുകാരെ തിരിച്ചു കിട്ടിയതോടെ പഞ്ച് വീണ്ടും പഴയ പ്രസരിപ്പോടെ ഇടുമ്പയിൽ സജീവമാണ്. പഞ്ചിന്റെ കുസൃതികൾ കാണാനും പഞ്ചിനൊപ്പം സെൽഫി എടുക്കാനും പലരും ഇപ്പോൾ ഇടുമ്പയിലെത്തുന്നുണ്ട്. കയ്യിൽ എന്തെങ്കിലുമൊരു ഭക്ഷണവുമായി ഇടുമ്പ വായനശാല പരിസരത്തെത്തിയാൽ പഞ്ചിനെ കണ്ട് മടങ്ങാം.
