നോട്ടെഴുതാത്തതിന് അടിച്ചാൽ ജയിലിൽ പോകണോ; ടീച്ചറെ കുടുക്കാൻനോക്കിയ പത്താം ക്ലാസുകാരന് തിരിച്ചടി

Share our post

കൊച്ചി: കെമിസ്ട്രി നോട്ട് എഴുതാത്തതിന് വടികൊണ്ട് അടിച്ചതിനും നോട്ടെഴുതാത്ത വിവരം വീട്ടിലെത്തി അമ്മയോട് പറഞ്ഞതിനും പത്താം ക്ലാസുകാരൻ നൽകിയ പരാതിയിൽ അധ്യാപികമാർക്കെതിരേ എടുത്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ബേപ്പൂർ ജി.എച്ച്.എസ്.എസിലെ രണ്ട് അധ്യാപികമാർക്കെതിരേ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിന്റെ തുടർ നടപടികളാണ് ജസ്റ്റിസ് സി. പ്രതീപ്കുമാർ റദ്ദാക്കിയത്.

2018-ലാണ് കേസിന് ഇടയാക്കിയ സംഭവം. 10-ാം ക്ലുസുകാരൻ കെമിസ്ട്രി നോട്ട് പൂർണമായും എഴുതാത്തതിന് കെമിസ്ട്രി അധ്യാപിക വടി കൊണ്ട് ഒരടി അടിച്ചു. നോട്ട് പൂർത്തിയാകാത്ത വിവരം അന്ന് വൈകീട്ട് ക്ലാസ് ടീച്ചർ വീട്ടിലെത്തി അമ്മയോട് പറയുകയും ചെയ്തു. തുടർന്ന് വിദ്യാർഥി നൽകിയ പരാതിയിലാണ് പരിക്കേൽപ്പിച്ചു എന്നതടക്കമുള്ള വകുപ്പുകൾ പ്രകാരം ബേപ്പൂർ പോലീസ് കേസെടുത്തത്.

വിദ്യാർഥിയുടെ മൊഴിയിൽ അധ്യാപിക അടിച്ചതല്ല ക്ലാസ് ടീച്ചർ വീട്ടിലെത്തി അമ്മയോട് പരാതി പറഞ്ഞതാണ് ഏറെ വേദനിപ്പിച്ചതെന്നാണ് പറയുന്നതെന്ന് കോടതി വിലയിരുത്തി. എന്നാൽ വടി അപകടകരമായ ആയുധമല്ലെന്നും അതിനാൽ പരിക്കേൽപ്പിച്ചു എന്ന പരാതി നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി. വീട്ടിലെത്തി അമ്മയോട് ക്ലാസ് ടീച്ചർ പരാതി പറഞ്ഞതിനെ കുട്ടിയുടെ ഭാവിയെ കരുതി നൽകിയ ഉപദേശമായിട്ടെ കണക്കാക്കാനാകൂ എന്നും കോടതി പറഞ്ഞു. തുടർന്നാണ് കേസ് റദ്ദാക്കിയത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!