വീട്ടിലെ ഏസിയ്ക്കുള്ളിൽ അഞ്ച് പാമ്പുകൾ, ഇളക്കിമാറ്റി പിടികൂടി

Share our post

തിരുവനന്തപുരം: കിടപ്പുമുറിയിലെ എ.സി.യ്ക്കുള്ളിൽനിന്ന് കണ്ടെത്തിയത് അഞ്ച് പാമ്പുകളെ. ശ്രീകാര്യം ചെറുവയ്ക്കലിൽ ടെക്‌നോപാർക്ക് ജീവനക്കാരനായ മാധവ് ജെ. പണിക്കരുടെ വീട്ടിലെ എയർകണ്ടീഷണറിൽനിന്നാണ് അഞ്ച് പാമ്പുകളെ കണ്ടെത്തിയത്. ഇതിൽ നാലെണ്ണത്തിനെ എസി ഇളക്കിമാറ്റിയശേഷം പാമ്പ് പിടുത്തക്കാരനെത്തി പിടികൂടി. ഒരെണ്ണം രക്ഷപ്പെട്ടു.

ഓഫീസിൽനിന്ന് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മാധവ് കിടപ്പുമുറിയിലെ എസിയുടെ താഴെഭാഗത്ത് ഒരു വാൽ മറയുന്നത് കണ്ടത്. സംശയം തോന്നി എസിക്ക് സമീപം നോക്കിയപ്പോൾ ചെറിയ ശബ്ദംകേട്ടു. ടോർച്ച് അടിച്ച് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടൻതന്നെ പാമ്പ് പിടുത്തക്കാരനായ വാവാ സുരേഷിനെ ബന്ധപ്പെടാൻശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് വനംവകുപ്പിലെ സ്‌നേക്ക് റെസ്‌ക്യൂ ഓഫീസറായ റോഷ്‌നിയെ വിവരമറിയിച്ചു. റോഷ്‌നിയുടെ നിർദേശപ്രകാരം ‘സർപ്പ’യിലെ സ്‌നേക്ക് ക്യാച്ചറായ ഗൗതം ഉടൻ സ്ഥലത്തെത്തി.

ടോർച്ച് തെളിച്ചുനോക്കിയപ്പോൾ കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലുള്ള വിഷമില്ലാത്ത പാമ്പ് ആണെന്ന് മനസ്സിലാക്കി. എസി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ എസി ടെക്‌നീഷ്യനെ വിളിച്ചുവരുത്തി. തുടർന്ന് എസി തുറന്നതോടെയാണ് അഞ്ച് വില്ലൂന്നി പാമ്പുകളെ എസിയ്ക്കുള്ളിൽ കണ്ടത്. എസിയുടെ ഔട്ടർ വാട്ടർ പൈപ്പിനുസമീപം ചുമരിലുണ്ടാക്കിയ ദ്വാരത്തിലൂടെയാണ് ഇവ എസിയ്ക്കുള്ളിൽ പ്രവേശിച്ചതെന്നാണ് കരുതുന്നത്.

ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ എസിയ്ക്കുള്ളിൽനിന്ന് നാല് പാമ്പുകളെ പിടികൂടി. ഇതിനിടെ ഒരു പാമ്പ് പൈപ്പിന്റെ വശത്തുകൂടെ പുറത്തേക്ക് പോയി. പിടികൂടിയ പാമ്പുകളെ പിന്നീട് തുറസ്സായ കുറ്റിക്കാട്ടിൽ തുറന്നുവിട്ടു.

മരച്ചില്ലകൾ വീടിന്റെ ടെറസിലേക്ക് താഴ്ന്നുകിടന്നതുകൊണ്ടാണ് പാമ്പുകൾക്ക് വീട്ടിലെ എസിയ്ക്കുള്ളിൽ കയറാൻ കഴിഞ്ഞതെന്നാണ് സ്‌നേക്ക് ക്യാച്ചറായ ഗൗതം പറയുന്നത്. വീടിനോട് ചാഞ്ഞ് കിടക്കുന്ന മരച്ചില്ലകൾ വെട്ടിക്കളയേണ്ടത് പ്രധാനകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!