ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിന് നേരെ ആക്രമണം
കൊളംമ്പോ: ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ യുദ്ധക്കപ്പലായ ഐറിസ് ഡേനയ്ക്ക് നേരെയാണ് അന്തര്‍വാഹിനി ആക്രമണമുണ്ടായത്. സംഭവത്തില്‍ 101 ഇറാന്‍ നാവികസേനാംഗങ്ങളെ കാണാതായെന്നും 78 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ശ്രീലങ്കന്‍ തീരത്തിനടുത്ത് മുങ്ങിയ കപ്പലില്‍ നിന്ന് 30 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാര്‍ലമെന്‍റില്‍ അറിയിച്ചു. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മറ്റൊരു രാജ്യത്തിന്‍റെ സൈന്യം ഉള്‍പ്പെടുന്ന ദൃശ്യങ്ങളായതിനാലാണ് പുറത്തുവിടാന്‍ സാധിക്കാത്തതെന്നും ശ്രീലങ്ക വ്യക്തമാക്കി. ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി ആക്രമണം നടത്തുന്നതിനിടെയാണ് ശ്രീലങ്കയ്ക്ക് സമീപം കപ്പല്‍ തകര്‍ന്നത്. ആക്രമണം നടന്ന സന്ദേശം ലഭിച്ചയുടന്‍ തന്നെ ശ്രീലങ്ക രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ നാവികസേനയുടെ മൗഡ്ജ് ക്ലാസ് ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്ററാണ് ഐറിസ് ഡേന. 2021 ലാണ് ഈ കപ്പല്‍ ഇറാന്‍ സൈനത്തിന്‍റെ ഭാഗമാകുന്നത്.
