മന്ത്രിയപ്പ‍ൂപ്പനോട്‌ സങ്കടം പറഞ്ഞു; വിഘ്‌നേഷിന്‌ സ്‌കൂളിനടുത്ത്‌ വീടൊരുങ്ങും

Share our post

തിരുവനന്തപുരം: ‘‘പ്രിയപ്പെട്ട മന്ത്രിയപ്പൂപ്പന്‌, പഠിക്കുന്ന സ്‌കൂളിനടുത്ത്‌ എനിക്കൊരു കൊച്ചുവീട്‌ വേണമെന്ന്‌ ആഗ്രഹമുണ്ട്‌. എല്ലാവരെയും സഹായിക്കുന്ന മന്ത്രിയപ്പൂപ്പൻ എന്നേക്കൂടി സഹായിക്കണം’’– മൂന്നാം ക്ലാസുകാരൻ വിഘ്‌നേഷ് ആർ ജിത്ത് ദേശാഭിമാനി അക്ഷരമുറ്റം സമ്മാനവിതരണ വേദിയിൽ മന്ത്രി വി ശിവൻകുട്ടിക്ക്‌ നൽകിയ കത്തിലെ ആവശ്യം ഇങ്ങനെയായിരുന്നു. കത്തുവായിച്ച മന്ത്രി വിഘ്‌നേഷിനെ വേദിയിലേക്ക്‌ വിളിപ്പിച്ചു. കവിളിൽ തലോടി സാന്ത്വനം പകർന്നപ്പോൾ വിഘ്‌നേഷിന്റെ പഠനത്തിനും ജീവിതത്തിനും ലഭിച്ചത്‌ പുതുവെളിച്ചം.

ചവറ കൊറ്റൻകുളങ്ങര ജിവിഎച്ച്‌എസ്‌എസിലെ വിദ്യാർഥിയായ വിഘ്‌നേഷ്‌ അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിൽ സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനക്കാരനാണ്‌. സമ്മാനം വാങ്ങാനെത്തിയപ്പോഴാണ്‌ മന്ത്രിയോട്‌ പഠിക്കുന്ന സ്‌കൂളിനടുത്ത്‌ സ്വന്തമായൊരു വീട്‌ എന്ന തന്റെ ആഗ്രഹത്തെക്കുറിച്ച്‌ അറിയിച്ചത്‌.

മന്ത്രിയുടെ നിർദേശം ഏറ്റെടുത്ത്‌ അധ്യാപക സംഘടനയായ കെഎസ്ടിഎ സ്‌കൂളിനടുത്തുതന്നെ വീട്‌ നിർമിച്ചുനൽകാൻ തയാറായി. ഇക്കാര്യം ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ വേദിയിൽ പ്രഖ്യാപിച്ചു. “കുട്ടികൾക്കായി എല്ലാം ചെയ്യുന്ന മന്ത്രിയപ്പൂപ്പൻ എന്റെ ആഗ്രവും സാധിച്ചുതരുമെന്ന്‌ ഉറപ്പായിരുന്നു. ഒരുപാട്‌ സന്തോഷമായി. ലൈഫ്‌ പദ്ധതിയിൽ ഞങ്ങൾക്ക്‌ വീട്‌ ഉണ്ടെന്ന്‌ പറഞ്ഞു. പക്ഷേ ആ വീട്‌ കിട്ടിയാൽ സ്‌കൂൾ മാറേണ്ടി വരും. എനിക്കെന്റെ സ്‌കൂളും ടീച്ചർമാരെയും കൂട്ടുകാരെയും വിട്ടുപോകാനാകില്ല. അതുകൊണ്ടാണ്‌ മന്ത്രിയോട്‌ പറഞ്ഞത്‌’– വിഘ്‌നേഷ്‌ പറഞ്ഞു.

കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫിയാണ്‌ വീട്‌ നൽകാമെന്ന്‌ ഉറപ്പുനൽകിയത്‌. പെയിന്റിങ്‌ തൊഴിലാളിയായ അച്ഛൻ രഞ്ജിത്തിന്‌ ശ്വാസകോശ സംബന്ധമായ അസുഖമാണ്‌. വാടകവീട്ടിൽ കഴിയുന്ന കുടുംബം സാമ്പത്തികമായി പ്രയാസപ്പെടുമ്പോഴെല്ലാം കരുത്താകുന്നത്‌ സ്‌കൂളിലെ അധ്യാപകരാണ്‌. അമ്മ സൂര്യക്ക്‌ ജോലിയൊന്നുമില്ലെന്നും വിഘ്‌നേഷ്‌ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!