സർവീസ് നിർത്തിവെച്ച് എയർ ഇന്ത്യയും ഇൻഡിഗോയും, യാത്രക്കാർ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് നിർദേശം

Share our post

ദുബായ്: യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമാക്കി ഇറാനും ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ നിർത്തി വിമാനകമ്പനികൾ. എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ നിർത്തിവെച്ചതായി അറിയിച്ചു. ഖത്തർ എയർവേസ്, ടർക്കിഷ് എയർലൈനുകൾ സർവീസുകൾ നേരത്തേ നിർത്തിവെച്ചിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് എയർ ഇന്ത്യ അറിയിച്ചു. പശ്ചിമേഷ്യയിലേക്കും പശ്ചിമേഷ്യയിൽ നിന്ന് തിരിച്ചുമുള്ള വിമാനങ്ങൾ സർവീസ് നിർത്തിവെച്ചതായി ഇൻഡിഗോ അറിയിച്ചു.

പശ്ചിമേഷ്യയുടെ ചില പ്രദേശങ്ങളിലെ സാഹചര്യം കണക്കിലെടുത്ത്, പശ്ചിമേഷ്യയിലെ എയർ ഇന്ത്യയുടെ എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചിരിക്കുന്നു. ഞങ്ങളുടെ യാത്രക്കാർക്കും ജീവനക്കാർക്കും ഏറ്റവും ഉയർന്ന സുരക്ഷാ നൽകുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സുരക്ഷാ സാഹചര്യങ്ങൾ ഞങ്ങൾ വിലയിരുത്തുകയും ആവശ്യാനുസരണം പ്രവർത്തനങ്ങൾ മുൻകൂട്ടി ക്രമീകരിക്കുകയും ചെയ്യും. ഞങ്ങൾ യാത്രക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകും. – എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പശ്ചിമേഷ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇന്ന് രാത്രി 12 മണിവരെയാണ് നിർത്തലാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി. എയർ ഇന്ത്യ എക്സ്പ്രസ്സും ഗൾഫ് മേഖലയിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചതായി അറിയിച്ചു. യാത്രക്കാർ അവരുടെ വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാനും ബന്ധപ്പെടാനുള്ള വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാനും ഇറാഖും ഇസ്രയേലും വ്യോമപാതകൾ അടച്ചിരുന്നു. ഇതോടെ ഈ മേഖലയിലൂടെയുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.. തൊട്ടുപിന്നാലെയാണ് യുഎഇയും ഖത്തറും വ്യോമപാത അടയ്ക്കുന്നതായി അറിയിച്ചത്. വിമാനസർവീസുകളുടെ തൽസ്ഥിതികളറിയാൻ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും നിർദേശമുണ്ട്.

യുഎസും ഇസ്രയേലും സംയുക്തമായി ഇറാന് നേരേ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ആരംഭിച്ചത്. ബഹ്‌റൈനിലും കുവൈത്തിലും സ്‌ഫോടനശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്. ഖത്തറിലും ബഹ്‌റൈനിലും യുഎസ് എംബസി അമേരിക്കക്കാർക്ക് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!