കെ.എസ്.ആർ.ടി.സി. കരകയറിയത് സ്വർണം പണയംവെച്ചാൽ പോലും ലോൺ കിട്ടാത്ത സ്ഥിതിയിൽനിന്ന്-മന്ത്രി ഗണേഷ് കുമാർ
കൊട്ടാരക്കര: സ്വർണം പണയപ്പെടുത്തിയാൽപ്പോലും പണം നൽകരുതെന്ന് റിസർവ് ബാങ്ക് നിർദേശിച്ച ഡി കാറ്റഗറിയിൽനിന്ന് ബി കാറ്റഗറിയിലേക്ക് കെ.എസ്.ആർ.ടി.സി. ഉയർന്നെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. കൊട്ടാരക്കരയിൽ ആധുനിക കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
താൻ അധികാരമേൽക്കുമ്പോൾ ഒന്നാംതീയതി ജീവനക്കാർക്ക് ശമ്പളം നൽകുമെന്നും യാത്രക്കാരെ കെ.എസ്.ആർ.ടി.സി.യിലേക്ക് തിരികെ എത്തിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ഒന്നാംതീയതി മൊത്തം ശമ്പളം നൽകാനുള്ള പദ്ധതി തയ്യാറാക്കാൻ നിർദേശിച്ചത് മുഖ്യമന്ത്രിയാണ്. ധനമന്ത്രി സഹായിച്ചു. രണ്ടും ഇന്നു സാധ്യമായി-മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി. കേരളത്തിന്റെ ബ്രാൻഡാണെന്നും തകർന്നുപോയി എന്നിടത്തുനിന്നു നന്നായി എന്നുപറയുന്ന നിലയിലേക്ക് കെ.എസ്.ആർ.ടി.സി. മാറിയെന്നും ആധ്യക്ഷ്യം വഹിച്ച മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
മാനേജിങ് ഡയറക്ടർ ഡോ. പി.എസ്.പ്രമോദ് ശങ്കർ, നഗരസഭാധ്യക്ഷ അനിതാ ഗോപകുമാർ, ഉപാധ്യക്ഷൻ എ. ഷാജു, മൈലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, കെ.എസ്.ആർ.ടി.സി. സി.എ.ഒ. ഷാജി, എക്സി. ഡയറക്ടർമാരായ ജി.പി. പ്രദീപ്കുമാർ, പി.എം. ഷറഫ് മുഹമ്മദ്, എ.ടി.ഒ. എ. അബ്ദുൽ നിഷാർ, വിവിധ സംഘടനാപ്രതിനിധികൾ, യൂണിയൻ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
ബഹിഷ്കരിച്ചവരുടെ പേരുകൾ ഫലകത്തിൽ കാണില്ല
കെ.എസ്.ആർ.ടി.സി.ശിലാസ്ഥാപനച്ചടങ്ങ് ബഹിഷ്കരിച്ചവരുടെ പേരുകൾ ശിലയിലുണ്ടാകില്ലെന്നു മന്ത്രി. തന്നെയോ മന്ത്രി ബാലഗോപാലിനെയോ ബഹിഷ്കരിക്കാനുള്ള ഒരു കാരണവുമില്ല. നിർമാണോദ്ഘാടന ചടങ്ങിൽ യു.ഡി.എഫ്.പ്രതിനിധികൾ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ബസുകൾ നശിപ്പിച്ചവരോട് ക്ഷമിച്ചിരിക്കുന്നു
ഐ.എൻ.ടി.യു.സി.പണിമുടക്കിന്റെ ഭാഗമായി കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ബസുകൾക്കു കേടുപാടുകൾ വരുത്തിയതിന് സർവീസിൽനിന്നു പിരിച്ചുവിടപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. 2025 ഫെബ്രുവരി നാലിന് ടി.ഡി.എഫ്. നടത്തിയ പണിമുടക്കിൽ പത്ത് ബസുകളുടെ സ്റ്റാർട്ടിങ് സംവിധാനത്തിന്റെ കേബിളുകൾ അറത്തുമാറ്റി കേടുപാടുകൾ വരുത്തുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു ജീവനക്കാരെ തിരിച്ചറിഞ്ഞു. ഒരാളെ സസ്പെൻഡ് ചെയ്യുകയും മൂന്നുപേരെ സർവീസിൽനിന്നു പിരിച്ചുവിടുകയും ചെയ്തിരുന്നു.
