വ്രതത്തിനുണ്ട്: ആത്മീയവും ഭൗതികവുമായ നേട്ടങ്ങൾ
354 ദിവസമാണ് ചന്ദ്രവർഷം. സൂര്യവർഷത്തിനു 365 ദിനരാത്രങ്ങളും. രണ്ടിലും മാസങ്ങൾ 12. ഋതുഭേദമില്ലാതെ സൂര്യവർഷം തുടരുമ്പോൾ ചന്ദ്രവർഷം എല്ലാ ഋതുക്കളിലും മാറിമാറി വരുന്നുണ്ട്. അതിലെ ഒൻപതാമത്തെ മാസമാണ് റമസാൻ. മാനവകുലത്തിനു മാർഗദർശനമായി പ്രപഞ്ചനാഥൻ അന്ത്യപ്രവാചകർ മുഖേന അവതരിപ്പിച്ച വേദഗ്രന്ഥങ്ങളുടെ സമാഹാരമായ പരിശുദ്ധ ഖുർആൻ അവതരിച്ച മാസമാണത്.
മനുഷ്യന് ആത്മീയമായും ഭൗതികമായും അസംഖ്യം നേട്ടങ്ങൾ കൈവരിക്കാൻ ഉപയുക്തമായ ആരാധനാ കർമമായ നോമ്പ് ഈ മാസത്തിൽ അനുഷ്ഠിക്കാൻ പ്രപഞ്ചനാഥൻ നിർദേശിക്കുന്നു. മദീന പലായനത്തിന്റെ രണ്ടാം വർഷമാണ് ഈ നിർദേശം നബി വിളംബരപ്പെടുത്തുന്നത്. ആ രംഗം ഇങ്ങനെ സംഗ്രഹിക്കാം: അനുചരന്മാർ പറയുന്നു, അന്നൊരു ദിവസം നബി ഞങ്ങളോട് പ്രസംഗിച്ചു, ജനങ്ങളേ നിങ്ങൾക്കിന്നു മഹത്തായ ഒരു മാസം സമാഗതമായിരിക്കുന്നു. ഇതിൽ ആയിരം മാസത്തെക്കാൾ പവിത്രമായ ഒരു രാത്രിയുണ്ട്. സമ്പദ് സമൃദ്ധമായ ഒരു മാസമാണിത്. ഈ മാസത്തിലെ പകൽ നോമ്പനുഷ്ഠിക്കൽ ബാധ്യതയായും രാത്രികളിൽ പ്രത്യേക നിസ്കാരം ഐച്ഛിക കർമമായും അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. ഒരു പുണ്യം ചെയ്താൽ ബാധ്യത നിറവേറ്റിയ പ്രതിഫലവും ബാധ്യത നിർവഹിച്ചാൽ 70 ബാധ്യതയുടെ പ്രതിഫലവും ഉണ്ട്. ക്ഷമയുടെ മാസമാണിത്. ക്ഷമയുടെ പ്രതിഫലം സ്വർഗം തന്നെ. ഉപജീവനമാർഗം സമൃദ്ധമാക്കുന്ന ഈ മാസം സഹായസഹകരണ മാസവുമാണ്. ഒരു നോമ്പുകാരനെ നോമ്പുതുറപ്പിച്ചാൽ പാപമോചനവും നരകമുക്തിയും ലഭ്യമാണ്. ഈ മാസത്തിന്റെ ആദ്യഭാഗം കാരുണ്യം, മധ്യഭാഗം പാപമോചനം, അന്ത്യം നരകമുക്തി എന്നിങ്ങനെയാണ്.
