ശബരിമല കട്ടിളപ്പാളി കേസ്; എ പദ്മകുമാറിന് സ്വാഭാവിക ജാമ്യം
കൊല്ലം: ശബരിമല കട്ടിളപ്പാളി കേസിൽ ദേവസ്വം ബോർഡ് മുൻ പ്രിസഡന്റ് എ.പദ്മകുമാറിന് സ്വാഭാവിക ജാമ്യം. കേസിൽ 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. അതേസമയം ദ്വാരപാലക കേസിൽ പത്മകുമാർ റിമാൻഡിലായതിനാൽ അദ്ദേഹത്തിന് ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല.
കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 2025 നവംബർ 20 -ാം തിയതിയാണ് സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിൽ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. പിന്നാലെ റിമാൻഡിൽ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്‌ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും എൻ. വാസുവും അടക്കമുള്ളവർ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയിരുന്നു. 41 -ാം ദിനം തന്ത്രിക്കും കോടതി ജാമ്യം നൽകി. തന്ത്രി കണ്ഠര് രാജീവർക്കെതിരേ തെളിവുകളൊന്നും ഹാജരാക്കാൻ പ്രത്യേക അന്വേഷണസംഘത്തിനായില്ലെന്ന് കൊല്ലം വിജിലൻസ് കോടതിയുടെ ജാമ്യവിധിയിൽ പരാമർശം നടത്തിയിരുന്നു. സ്വർണപ്പാളികളടക്കമുള്ളവ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും ആചാരപരമായ കാര്യങ്ങളാണ് തന്ത്രിയുടെ ചുമതലയിൽ വരുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
