നേരെ കിളിമാനൂരിലേക്ക് വിട്ടോ ! വയർലസിലൂടെ എസ്ഐക്കും പോലീസുകാരനും അടിയന്തര സ്ഥലംമാറ്റം
കിളിമാനൂർ: തിരുവനന്തപുരത്ത് എസ്ഐക്കും മറ്റൊരു പോലീസുകാരനും വയർലസിലൂടെ അടിയന്തര സ്ഥലം മാറ്റം. പൂവാർ എസ്ഐ ജോസ്, എഎസ്ഐ ബിനു എന്നിവരെയാണ് സ്ഥലം മാറ്റിയത്. വ്യാഴാഴ്ച രാവിലെയാണ് ഇരുവർക്കും അറിയിപ്പ് ലഭിച്ചത്. തിരുവനന്തപുരം റൂറൽ പോലീസിലാണ് സംഭവം. എസ്പിയാണ് വയർലസ് വഴി രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. പോലീസുകാരുടെ വയർലസ് മീറ്റിങ്ങിനിടെ എസ്പി ഇക്കാര്യം അറിയിക്കുകയായിരുന്നു. നിലവിലുള്ള സ്റ്റേഷൻ ചുതലയിൽ നിന്ന് ഒഴിയാനും കിളിമാനൂർ സ്റ്റേഷനിൽ ഹാജരാകാനുമാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചത്. പൂവാർ സ്റ്റേഷനിൽ എസ്എച്ച്ഒ അവധിയിലാണ്. അതിനാൽ എസ്ഐ ജോസിനാണ് സ്റ്റേഷന്റെ ചുമതല.
കഴിഞ്ഞദിവസങ്ങളിൽ മണ്ണുമാഫിയയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജോസ് ഉൾപ്പെട്ടിരുന്നതായാണ് സൂചന. തുടർന്ന് ഇന്റലിജൻസ് റിപ്പോർട്ടും എസ്പിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. സ്ഥലം മാറ്റം സംബന്ധിച്ച് സ്ഥിരീകരിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. മുൻപും കൈക്കൂലി ആരോപണം നേരിട്ടയാളാണ് ജോസ്. മാത്രമല്ല, സ്റ്റേഷൻ ചുമതല ലഭിച്ച സാഹചര്യത്തിൽ ദുർവിനിയോഗം നടത്തിയോ എന്ന സംശയവും ഉയരുന്നുണ്ട്.
