ഔദ്യോഗിക വാഹനം വൈകി; പിന്നാലെ ഓട്ടോയിൽ കയറി സുരേഷ് ഗോപി മടങ്ങി
തൃശൂർ: ശിവരാത്രി ചടങ്ങിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം കൃത്യസമയത്ത് എത്താത്തിനെ തുടർന്ന് ഓട്ടോറിക്ഷയിൽ മടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥനോടൊപ്പമാണ് അദ്ദേഹം ഓട്ടോറിക്ഷയിൽ യാത്ര ചെയ്തത്. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം ഉണ്ടായത്.
വടക്കുംനാഥ ക്ഷേത്രത്തിനുസമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. ചടങ്ങിൽ പങ്കെടുത്ത് വേഗത്തില്‍ മടങ്ങാന്‍ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല. ഉടന്‍ ഓട്ടോ സ്റ്റാന്റില്‍ നിന്ന് അദ്ദേഹം തന്നെ ഓട്ടോ കൈകാട്ടി വിളിക്കുകയും അതില്‍ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു.
മന്ത്രി സുരേഷ് ഗോപി ഓട്ടോയില്‍ കയറിയതിന് പിന്നാലെ ഗണ്‍മാന്‍ വേഗത്തില്‍ ഓട്ടോഡ്രൈവര്‍ക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വാഹനം അവിടെയെത്തി. സംഭവത്തില്‍ എന്തെങ്കിലും വിധത്തിലുള്ള സുരക്ഷാ വീഴ്ചയുണ്ടായോയെന്ന പരിശോധനകൾ നടക്കുകയാണ്.
