സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ; ബംഗളൂരു ഡി.ഐ.ജിയോട് റിപ്പോർട്ട് തേടി കർണ്ണാടക മനുഷ്യാവകാശ കമീഷൻ
ആലുവ: സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകളിൽ ബംഗളൂരു ഡി.ഐ.ജിയോട് റിപ്പോർട്ട് തേടി കർണ്ണാടക സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വ്യവസായ പ്രമുഖനും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായിരുന്ന സി.ജെ. റോയിയുടെ മരണത്തിലെ ദുരൂഹതകളും ആദായ നികുതി റെയ്ഡിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചട്ട ലംഘനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈകോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ്, ബാംഗ്ലൂരിലെ സാമൂഹ്യ പ്രവർത്തകനായ വിജയ് ഡെന്നീസ് എന്നിവർ സമർപ്പിച്ച പരാതികളിലാണ് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജനുവരി 30 വെള്ളിയാഴ്ച ബംഗളൂരു കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോൺസൽ ഓഫിസിൽ വച്ച് സ്വയം വെടി വച്ചാണ് റോയി മരിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നത്. മരണം സംഭവിച്ച ദിവസം ഓഫിസിൽ റോയി വന്ന സമയത്തെ കുറിച്ച് ഓഫിസ് ജീവനക്കാരും ആദായ നികുതി ഉദ്യോഗസ്ഥരും പൊലീസിന് നൽകിയ മൊഴിയിൽ വൈരുദ്ധ്യം കാണുന്നതായി പരാതിക്കാർ ആരോപിച്ചിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥർ ഓഫിസിൽ ഉണ്ടായിരിക്കവെയാണ് സി.ജെ. റോയി മരണപ്പെടുന്നത്.
മരണത്തെക്കുറിച്ച് നിരവധി ദുരൂഹതകൾ ഉയരുന്നു. ആദായ നികുതി ഉദ്യോഗസ്ഥർ സാധാരണ നടത്തി വരുന്ന റെയിഡിന്റെ നടപടി ക്രമങ്ങൾക്ക് വിരുദ്ധമായിട്ടാണ് സി.ജെ. റോയിയുടെ സ്ഥാപനത്തിലെ റെയിഡിലെ രീതികൾ. പല ദിവസങ്ങളിലായി റെയ്ഡ് നടത്തിയതും പല കാരണങ്ങൾ പറഞ്ഞു രണ്ടും മൂന്നും ഉദ്യോഗസ്ഥർ പല ഘട്ടങ്ങളിലായി സി.ജെ. റോയിയുമായി ഇട പഴകിയതും ദുരൂഹതയുണ്ട്. കൊച്ചിയിലുള്ള സംഘമാണ് ബാംഗ്ലൂരിൽ തങ്ങി നിരവധി തവണ റോയിയുമായി ബന്ധപ്പെട്ടിരിക്കുന്നത്.
