പേരാവൂരിൽ സണ്ണി ജോസഫിന് വോട്ടഭ്യർഥിച്ച് സ്ഥാപിച്ച പ്രചരണ ബോർഡ് എടുത്ത് മാറ്റി

Share our post

പേരാവൂർ: നിയമസഭ സ്ഥാനാർഥി പ്രഖ്യാപനം വരും മുൻപ് പേരാവൂർ മണ്ഡലം എം.എൽ.എയും കെ.പി.സി.സി അധ്യക്ഷനുമായ സണ്ണി ജോസഫിന് വോട്ടഭ്യർഥിച്ച് മണത്തണ ടൗണിൽ സ്ഥാപിച്ച പ്രചരണ ബോർഡ് നീക്കം ചെയ്തു. കോൺഗ്രസ് ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗീസിന്റെ നേതൃത്വത്തിൽ മണത്തണ ബൂത്ത് കമ്മിറ്റി സ്ഥാപിച്ച കൂറ്റൻ ഫ്‌ളക്‌സ് ബോർഡാണ് സണ്ണി ജോസഫ് എം.എൽ.എ ഇടപെട്ട് എടുത്ത് മാറ്റിച്ചത്. കെ.പി.സി.സി അധ്യക്ഷന്റെ മണ്ഡലത്തിൽ വോട്ടഭ്യർഥിച്ച് ബോർഡ് സ്ഥാപിച്ചത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ വിവാദമായതിനെത്തുടർന്നാണ് നടപടി. വികസനത്തുടർച്ചയ്ക്ക്, നാടിന്റെ നന്മയ്ക്ക് സണ്ണി ജോസഫിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബോർഡ്.

2011 മുതൽ സണ്ണി ജോസഫ് പേരാവൂർ മണ്ഡലം എം.എൽ.എയാണ്. കെ.കെ. ശൈലജയെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ്. പേരാവൂർ മണ്ഡലം തിരിച്ചുപിടിച്ചത്. തുടർച്ചയായി മൂന്ന് തവണയും സണ്ണി ജോസഫ് വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പേരാവൂർ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥികളായി ജോൺ ബ്രിട്ടാസ്, ഡോ. വി.ശിവദാസൻ എന്നിവരുടെ പേരുകൾ പ്രചരിച്ചിരുന്നു. അങ്ങനെ വന്നാൽ ശക്തമായ മത്സരത്തിനാവും പേരാവൂർ മണ്ഡലം സാക്ഷ്യം വഹിക്കുക.

അതേസമയം, സണ്ണി ജോസഫിന് തലവേദനയായി പുതിയൊരു വിവാദം കൂടി മണ്ഡലത്തിൽ ഉയർന്നിട്ടുണ്ട്. ഡി.സി.സി ജനറൺ സെക്രറിയായി തോമസ് വർഗീസിനെ നിയമിച്ചതും പിന്നീട് നിയമനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളാണ് സണ്ണി ജോസഫിന് പ്രതികൂലമാവുന്നത്. മുൻ ബ്ലോക്ക് പ്രസിഡന്റുമാരെ ഡി.സി.സി ജനറൽ സെക്രട്ടറിമാരായി നിയമിച്ചപ്പോഴാണ് കോൺഗ്രസ് ഇരിട്ടി മുൻ ബ്ലോക്ക് പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും കൂടിയായ തോമസ് വർഗീസിനെയും ഡി.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ പിന്നീട് കീഴ്ഘടകങ്ങളുടെ പരാതിയുണ്ടെന്ന് പറഞ്ഞ് സ്ഥാനത്ത് നിന്നും ഒഴിവാക്കുകയായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഇത്തവണ സണ്ണി ജോസഫ് പേരാവൂരിൽ നേരിടേണ്ടി വരിക പാളയത്തിൽ പടയായാവാനാണ് സാധ്യത.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!